തിരുവനന്തപുരം: മന്ത്രി കെ രാധാകൃഷ്ണനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍. തിരുവനന്തപുരം കാച്ചാണി സ്വദേശി അജിത്ത് ആണ് പിടിയിലായത്.
അതേസമയം, ഇന്നലെയാണ് പട്ടികജാതി വികസന ഫണ്ടിലെ ക്രമക്കേട് തടയാന്‍ ശ്രമിച്ച തനിക്ക് നേരെ ഭീഷണിയുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണന് വെളിപ്പെടുത്തിയത്. ഓഫീസിലെ ലാന്റ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു മന്ത്രി പറഞ്ഞത്.
പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകളില്‍ ചിലതിനൊപ്പം ഒരു ദളിത് സംഘടനയുടെ ശുപാര്‍ശകത്ത് കണ്ടത് ഉദ്യോഗസ്ഥര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം, അപേക്ഷകള്‍ സ്വീകരിച്ചതായും ഇടനിലക്കാരന്റെ ശുപാര്‍ശ ആവശ്യമില്ലെന്നും അപേക്ഷകര്‍ക്ക് മറുപടി കത്ത് അയച്ചു. ഇതില്‍ പ്രകോപിതനായാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നയാള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.