എഫ്.എം.സി.ജി ഉല്‍പ്പന്നങ്ങളുടെ വിപണി സാധ്യതകള്‍ ഉപയോഗിക്കുന്നതിനായി എഫ്.എം.സി.ജി പാര്‍ക്ക് സ്ഥാപിക്കുക എന്ന ആശയം ചര്‍ച്ച ചെയ്യുന്നതിനായി വ്യവസായ വാണിജ്യ സംഘടനയായ ഫിക്കിയുടെ പ്രതിനിധികളെ വ്യവസായ മന്ത്രി പി. രാജീവ് കൂടി കാഴ്ച്ച്ക്ക് ക്ഷണിച്ചു. എഫ്.എം.സി.ജി ഉല്‍പ്പന്നങ്ങള്‍ക്ക് സംസ്ഥാനത്തുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് ഫിക്കി കര്‍ണ്ണാടക സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനും ജ്യോതി ലബോറട്ടറീസ് ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ കെ. ഉല്ലാസ്കമ്മത്ത് നിര്‍ദ്ദേശം സമര്‍പ്പിച്ചിരുന്നു.
ഇതിന്റ അടിസ്ഥാനത്തിലാണ് നേരിട്ടുള്ള കൂടി കാഴ്ച്ചക്ക് മന്ത്രി ക്ഷണിച്ചത്. കൂടി കാഴ്ച്ചക്ക് മുമ്പായി പദ്ധതിയുടെ കരട് സാധ്യതാ റിപ്പോര്‍ട്ട് വ്യവസായ വകുപ്പ് തയ്യാറാക്കും. ഫിക്കിയും പദ്ധതിയുമായി സഹകരിക്കും. പുതുതലമുറ ഉപഭോക്താക്കള്‍ക്കിടയില്‍ എഫ്.എം.സി.ജി ഉല്പന്നങ്ങള്ക്കുള്ള പ്രിയം പദ്ധതിയുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നതായി ഉല്ലാസ് കമ്മത്ത് പറഞ്ഞു. പദ്ധതിയുടെ വിപണി സാധ്യത പഠനം ഉടനെ നടത്തുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു.