കോഴിക്കോട്: നാളെ 14 ജില്ലകളിലും കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സര്‍ക്കാര്‍ തീരുമാനം മാത്രമേ പാലിക്കാന്‍ കഴിയുകയുള്ളൂവെന്നും നാളത്തെ സമരത്തില്‍ നിന്ന് പിന്മാറണമെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു. സമരം നടത്തുകയാണെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎമ്മിന്റെ മുന്‍ എംഎല്‍എയും വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡന്റുമായ വികെസി മമ്മദ് കോയയാണ് കട തുറക്കുന്ന പ്രശ്നത്തില്‍ സര്‍ക്കാരിനെതിരെ ശക്തമായ നിലപാടുമായി രംഗത്തെത്തിയത്. എല്ലാ ദിവസവും കടകള്‍ തുറക്കുന്ന രീതിയില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണമെന്നും വികെസി മമ്മദ് കോയ ആവശ്യപ്പെട്ടു. എന്നാല്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് കടകള്‍ തുറക്കുന്നതിനോട് യോജിപ്പില്ലെന്നാണ് വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.