തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ഇളവിന് കാത്തുനില്‍ക്കില്ലെന്നും വ്യാഴാഴ്ച ഉള്‍പ്പെടെ കടകള്‍ തുറക്കുമെന്നുമുള്ള വ്യാപാരികളുടെ നിലപാടിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. വ്യാപാരികളുടെ വികാരവും ഉദ്ദേശവും മനസിലാക്കുന്നുവെന്നും അതോടൊപ്പം നിൽക്കുന്നുവെന്നും പറഞ്ഞ മുഖ്യമന്ത്രി എന്നാൽ മറ്റൊരു വഴിക്കാണ് നീങ്ങുന്നതെങ്കിൽ അതിനെ ആ നിലയ്ക്ക് നേരിടുമെന്ന് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നിയന്ത്രണങ്ങളിൽ വേണ്ട ഇളവുകളില്ലെങ്കിൽ വ്യാഴാഴ്ച മുതൽ എല്ലാ ദിവസവും കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി അറിയിച്ചിരുന്നു.
എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കില്ല. സാഹചര്യത്തിനനുസരിച്ച് പരമാവധി ഇളവുകള്‍ നല്‍കുന്നുണ്ട്. നിയന്ത്രണങ്ങള്‍ മനുഷ്യ ജീവന് സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. എ, ബി, സി വിഭാഗങ്ങളിലുള്ള, നിലവില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള കടകള്‍ക്ക് എട്ട് മണി വരെ പ്രവര്‍ത്തനാനുമതി നല്‍കും. ഇലക്ട്രോണിക്സ് കടകള്‍ കൂടുതല്‍ ദിവസങ്ങളില്‍ തുറക്കാന്‍ അനുവദിക്കും.
സംസ്ഥാനത്ത് തിങ്കള്‍ മുതല്‍ വെള്ളി വരെ ബാങ്കുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. നേരത്തെ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സ്ഥലങ്ങളില്‍ മൈക്രോ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിക്കാന്‍ കളക്ടര്‍മാര്‍ക്ക് അനുമതി നല്കാന് തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.