കൊച്ചി: കിറ്റെക്സിന്റെ ഓഹരി വിലയിൽ കുതിപ്പ്.കിറ്റെക്സും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ദിവസങ്ങളായി തുടരുന്ന വിവാദങ്ങള്‍ക്കിടെയാണ് നിക്ഷേപകര്‍ക്ക് അനുഗ്രഹമായി കിറ്റെക്സിന്റെ ഓഹരി വില കുത്തനെ ഉയരുന്നത്.കിറ്റെക്സ് ചെയര്മാന് സാബു എം ജേക്കബിന്റെ സാമ്പാദ്യത്തില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായത് 222 കോടിയുടെ വര്‍ധനവാണുണ്ടായത് . കിറ്റെക്സ് ഗാര്‍മെന്റ്സിന്റെ ഓഹരി വില കുതിച്ചുയര്‍ന്നതോടെയാണ് സാബുവിന്റെ സ്വത്ത് വര്‍ധിച്ചത്. കിറ്റെക്സ് ഗാര്മെന്റ്സില് 55 ശതമാനം ഓഹരി സാബുവിനാണ്.
തെലങ്കാനയില്‍ ആയിരം കോടിയുടെ നിക്ഷേപം ഇറക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച ശേഷം കിറ്റെക്സിന്റെ ഓഹരി വിലയില്‍ 44.26 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. കിറ്റെക്സിന്റെ ഓഹരി വില വെള്ളിയാഴ്ച 20 ശതമാനമാണ് ഉയര്‍ന്നത്. ഇന്നലെ വീണ്ടും ഇരുപതു ശതമാനത്തിലേറെ വര്‍ധനയുണ്ടായി. 108.9 രൂപയായിരുന്ന ഓഹരി വി 168.65ലേക്കാണ് എത്തിയത്. കിറ്റെക്സിന്റെ മൊത്തം വിപണി മൂല്യം 1121.52 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ ഉണ്ടായ വര്‍ധന 408.32 കോടി.
അതേസമയം കേരളത്തില്‍ ഇനി ഒരു രൂപ പോലും നിക്ഷേപമിറക്കില്ലെന്ന് തെലങ്കാനയില്‍ തിരിച്ചെത്തിയ ശേഷം സാബു പറഞ്ഞിരുന്നു. വ്യവസായ സൗഹൃദത്തിന് സിംഗിള്‍ വിന്റോ നടപ്പാക്കിയെന്ന് പറയുന്ന കേരളത്തിന് പൊട്ടക്കിണറ്റില്‍ വീണ തവളയുടെ അവസ്ഥയാണെന്ന് സാബു കുറ്റപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളില്‍ എന്തുനടക്കുന്നുവെന്ന് സര്‍ക്കാരിനോ വ്യവസായ വകുപ്പിനൊ അറിയില്ല. കേരളമാണ് ഏറ്റവും വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പറഞ്ഞ് ഒരു പ്രശ്നവുമില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സാബു പറഞ്ഞു.