ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി. മതില്‍ പൊളിച്ചു നീക്കിയ നടപടി; കെ.ഷിബുരാജന്റെ അടിയന്തിര ഇടപെടൽ മൂലം

ചെങ്ങന്നൂര്‍ : അപകടകരമായി നില്‍ക്കുന്ന ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി.യുടെ കരിങ്കല്‍ മതില്‍ പൊളിച്ചു നീക്കിയ  നടപടി മുന്‍ നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്റെ അടിയന്തിര ഇടപെടൽ മൂലം . എംസി റോഡില്‍ കെ.എസ്.ടി.പി. നടപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുന്നതിനാല്‍ അപകടമുണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് കാണിച്ച് മുന്‍ നഗരസഭാ ചെയര്‍മാന്‍ കെ.ഷിബുരാജന്‍ കെ.എസ്.ആര്‍.ടി.സി. ചീഫ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കിയിരുന്നു.

 കഴിഞ്ഞ വര്‍ഷം മെയ് 26 ന് നഗരസഭാ ജീവനക്കാരനായ കെ.കെ.അജി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജോലിയ്ക്കിടയില്‍ ബൈക്കില്‍ എം.സി.റോഡിലൂടെ യാത്ര ചെയ്യുന്നതിനിടയില്‍ മതില്‍ ഇടിഞ്ഞു വീണ് പരിക്കേറ്റിരുന്നു. കാറ്റോ മഴയോ ഇല്ലാത്ത സമയത്താണ് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വലിയ കരിങ്കല്‍ മതില്‍ ഇടിഞ്ഞു ബൈക്കിന്റെ പുറത്തേയ്ക്ക് വീണ് അജിയ്ക്ക് പരുക്കേല്‍ക്കുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് കൂടുതല്‍ വാഹനങ്ങളോ കാല്‍ നടയാത്രക്കാരോ ഇല്ലാത്തതിനാലാണ് വലിയ അപകടങ്ങള്‍ ഒഴിവായത്. ഇതേ തുടര്‍ന്ന് അന്ന് നഗരസഭാ ചെയര്‍മാനായ കെ.ഷിബുരാജന്‍ ഗതാഗത വകുപ്പുമന്ത്രി, കെ.എസ്.ആര്‍.ടി.സി. മാനേജിംഗ് ഡയറക്ടര്‍, ചീഫ് എഞ്ചിനീയര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

 ഉടനടി മതില്‍ പൊളിച്ചു നീക്കുകയോ കാലതാമസം വന്നാല്‍ മതിലിന്റെ പൊക്കം കുറച്ച് അപകടരഹിതമാക്കാം എന്നും ഉറപ്പു നല്‍കിയിരുന്നെങ്കിലും ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപടി ഒന്നും സ്വീകരിച്ചില്ല. ഇതിനിടയില്‍ നഗരസഭ സെക്രട്ടറി 2020 ജൂലൈ 21ന് കെഎസ്ആര്‍ടിസി ചീഫ് എഞ്ചിനീയര്‍ക്കും ആഗസ്റ്റ് 21 ന് എറ്റിഒയ്ക്കും മുനിസിപ്പല്‍ എഞ്ചിനീയര്‍ 2020 മെയ് 26 ന് എറ്റിഒ യ്ക്കും നോട്ടീസ് നല്‍കിയിരുന്നു. അവസാനമായി നല്‍കിയ നോട്ടീസില്‍ മതില്‍ 3 ദിവസത്തിനുള്ളില്‍ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പൊളിച്ചു നീക്കാത്തപക്ഷം മുനിസിപ്പല്‍ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. 

രണ്ടു തവണ നഗരസഭാ  നോട്ടീസ് നല്‍കിയിട്ടും ഒരു വര്‍ഷം കഴിഞ്ഞിട്ടും കെ.എസ്.ആര്‍.ടി.സി. മതില്‍ പൊളിച്ചു നീക്കാന്‍ തയ്യാറായില്ല. കെഎസ്ടിപിയുടെ നടപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മതിലിനോടു ചേര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. യന്ത്രങ്ങള്‍ ഉപയോഗിച്ച് സമീപത്തേയും ഓടയിലേയും മണ്ണ് നീക്കം ചെയ്യുന്നതിനാല്‍ മതിലിന് കൂടുതല്‍ ബലക്ഷയും ഉണ്ടാകാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് റോഡിലേക്ക് കരിങ്കല്ലുകള്‍ വീണ് അപകടങ്ങള്‍ ഉണ്ടാകുമെന്നും കെ.ഷിബുരാജന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. 

സമീപത്ത് ഓട്ടോ സ്റ്റാന്റ് ഉള്ളതിനാലും എംസി റോഡിലൂടെ ഏത് സമയവും വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നു പോകുന്നതിനാല്‍ മതില്‍ ഇടിഞ്ഞു വീണാല്‍ അപകടം ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. നടപ്പാത നിര്‍മ്മാണം പൂര്‍ത്തീകരിച്ചാല്‍ അതുവഴി നടന്നു വരുന്നവരുടെ മുകളിലേക്ക് മതില്‍ ഇടിഞ്ഞു വീണാല്‍ കമ്പിവേലിയുള്ളതിനാല്‍ ഓടിമാറാന്‍ കൂടി കഴിയാത്ത അവസ്ഥയിലുമാകുമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറുടെ ഓഫീസിലെ എസ്റ്റേറ്റ് ഓഫീസര്‍ പ്രദീപ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് മതില്‍ പൊളിച്ചു നീക്കിയതെന്ന് എറ്റിഒ എ.അബ്ദുള്‍ നിഷാര്‍ പറഞ്ഞു.