ന്യൂഡല്‍ഹി: കിറ്റെക്സ് ഗാര്‍മെന്റ്സിന്റെ ഓഹരി വിലയില്‍ കുതിപ്പ്. ഇന്നു മാത്രം ഇരുപതു ശതമാനത്തോളമാണ് വില ഉയര്‍ന്നത്. ഒരാഴ്ചയ്ക്കിടെ 46 ശതമാനം വര്‍ധനയാണ് ഓഹരി വിലയില്‍ ഉണ്ടായത്. കേരളം വിട്ട് തെലങ്കാനയില്‍ പുതിയ നിക്ഷേപമിറക്കുമെന്നു പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓഹരി വിലയിൽ കുതിപ്പുണ്ടായത്.
ഇന്ന് ഉച്ചയ്ക്കു മുമ്പായി കിറ്റെക്സ് ഓഹരി വില 168.65ല്‍ എത്തി. കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനേക്കാള്‍ 19.99 ശതമാനത്തിന്റെ വര്‍ധന. കഴിഞ്ഞ 52 ആഴ്ചകള്‍ക്കിടയിലെ ഉയര്‍ന്ന നിലയിലാണ് കിറ്റെക്സിന്റെ ഇപ്പോഴത്തെ ഓഹരി വില.
അതിനിടെ, വ്യവസായ സൗഹൃദത്തിന് സിംഗിള്‍ വിന്റോ നടപ്പാക്കിയെന്ന് പറയുന്ന കേരളത്തിന് പൊട്ടക്കിണറ്റില്‍ വീണ തവളയുടെ അവസ്ഥയാണെന്ന് കിറ്റെക്സ് എംഡി സാബു എം ജേക്കബ് കുറ്റപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളില്‍ എന്തുനടക്കുന്നുവെന്ന് സര്‍ക്കാരിനോ വ്യവസായ വകുപ്പിനൊ അറിയില്ല. കേരളമാണ് ഏറ്റവും വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പറഞ്ഞ് ഒരു പ്രശ്നവുമില്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും സാബു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.