കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ മുഹമ്മദ് ഷാഫിയെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും. സ്വര്‍ണക്കടത്തിന് ഷാഫിയുടെ സഹായങ്ങള്‍ ലഭിച്ചെന്ന അര്ജുന് ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാഫിയെ ചോദ്യം ചെയ്യുന്നത്.
കഴിഞ്ഞ ആറാം തിയതിയായിരുന്നു ചോദ്യം ചെയ്യലിന് എത്താനായി നോട്ടീസ് നല്‍കിയതെങ്കിലും ഷാഫി ഹാജരായിരുന്നില്ല. തൊട്ടടുത്ത ദിവസം എത്തിയെങ്കിലും ഉദ്യോദഗസ്ഥര്‍ പറഞ്ഞയക്കുകയായിരുന്നു.
അതേസമയം, അര്ജുന് ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴിയും കസ്റ്റംസ് ഇന്ന് വീണ്ടും രേഖപ്പെടുത്തും. മൊഴിയിലെ വൈരുദ്ധ്യം കാരണമാണ് വീണ്ടും വിളിച്ചുവരുത്തുന്നത്. അമലയുടെ മൊഴിയെടുക്കുന്നതിലൂടെ കസ്റ്റംസിന് ലഭിച്ച ഡിജിറ്റല്‍ തെളിവുകളില്‍ വ്യക്തതയുണ്ടാക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഇതിനായി സിം കാര്‍ഡുകള്‍ എടുത്തുനല്‍കിയ പാനൂര്‍ സ്വദേശി സക്കീനയുടെയും മൊഴിയെടുക്കും.
ഇതിനിടെ, സൂഫിയാന് അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കസ്റ്റംസ് ഇന്ന് മഞ്ചേരി കോടതിയില്‍ അപേക്ഷ നല്‍കും.