അജിത്തിന്റെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് കോളിവുഡില്‍ നിന്ന് വരുന്നത്. അജിത്ത് കുമാര്‍ നായകനാവുന്ന ‘വലിമൈ’ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘യെന്നൈ അറിന്താലി’നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ.
എച്ച് വിനോദ് ആണ് സംവിധാനം. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. ഹുമാ ഖുറേഷിയാണ് വലിമൈയിലെ നായിക. തെലുങ്ക് താരം കാര്‍ത്തികേയ ഗുമ്മകൗണ്ടയും പ്രധാന റോളിലുണ്ട്. മലയാളത്തില്‍ നിന്ന് പേളി മാണി, ദിനേശ് പ്രഭാകര്‍, ശിവജി ഗുരുവായൂര്‍ എന്നിവരും താരങ്ങളായുണ്ട്.