ലഖ്നൗ: ഉത്തര്‍പ്രദേശില്‍ രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനാവില്ലെന്ന് വ്യവസ്ഥചെയ്യുന്ന ജനസംഖ്യാ നിയന്ത്രണ നിയമത്തിന്റെ കരട് പുറത്തിറങ്ങി. സംസ്ഥാന നിയമ കമ്മീഷനാണ് കരട് പുറത്തിറക്കിയിരിക്കുന്നത്.
രണ്ടു കുട്ടികള്‍ മാത്രമേ പാടുള്ളൂ എന്നാണ് നിയമം മുന്നോട്ടുവയ്ക്കുന്ന പ്രധാന നിര്‍ദേശം. ഇത് ലംഘിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കാനോ ജോലിക്കയറ്റത്തിനോ സര്‍ക്കാര്‍ സബ്സിഡികള്‍ക്കോ അപേക്ഷിക്കാനാവില്ല. കൂടാതെ, അത്തരക്കാര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും കരട് വ്യവസ്ഥ ചെയ്യുന്നു.
രണ്ടു കുട്ടികള്‍ മാത്രമുള്ളവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് കരട് പറയുന്നു. സര്‍ക്കാര്‍ ജോലിയിലുള്ളവര്‍ക്ക് സര്‍വീസ് കാലയളവില്‍ രണ്ട് തവണ പ്രത്യേക ശമ്ബളവര്‍ധന. മുഴുവന്‍ ശമ്ബളത്തോടെ 12 മാസത്തെ പ്രസവാവധി തുടങ്ങിയവ ലഭിക്കും. ഒറ്റക്കുട്ടിയുളളവര്ക്ക് നാല് അധിക ഇന്‍ക്രിമെന്റാണ് വാഗ്ദാനം. കൂടാതെ ഇത്തരം കുടുംബങ്ങള്‍ക്ക് വീട് വയ്ക്കുന്നതിനോ വാങ്ങുന്നതിനോ പലിശ കുറഞ്ഞ പ്രത്യേക ലോണ്‍ അനുവദിക്കും. ഒറ്റക്കുട്ടിയാണെങ്കില്‍ 20 വയസുവരെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും.
ജനസംഖ്യാ നിയന്ത്രണ നിയമം പാലിക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് നിയമ കമ്മീഷന് ചെയര്മാന് ആദിത്യ മിത്തല്‍ പറഞ്ഞു. സംസ്ഥാനത്തെ ജനസംഖ്യ നിയന്ത്രിക്കുന്നതിനും ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പുതിയ നിയമത്തിന്റെ കരട് തയാറാക്കിയിരിക്കുന്നതെന്ന് നിയമ കമ്മീഷന് പറയുന്നു.
രണ്ടു കുട്ടികളില്‍ കൂടുതല്‍ പാടില്ലെന്ന് നിയമം ആരെയും നിര്‍ബന്ധിക്കുന്നില്ലെന്ന് നിയമ കമ്മീഷന് ചെയര്മാന് ആദിത്യ മിത്തല്‍ വ്യക്തമാക്കി. ആര്‍ക്കുവേണമെങ്കിലും രണ്ടു കുട്ടി നയം സ്വീകരിക്കാം. അങ്ങനെയുള്ളവര്‍ക്ക് സര്‍ക്കാരിന്റെ പ്രത്യേ ആനുകൂല്യങ്ങള്‍ ലഭിക്കും. അല്ലാത്തവര്‍ക്ക് അവ ലഭിക്കില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗസ്ത് രണ്ടാം വാരത്തോടെ നയം നിലവില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബില്ലിനെതിരേ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. സംസ്ഥാനത്തെ മുസ്ലീം വിഭാഗത്തെ ലക്ഷ്യമിട്ടുകൊണ്ടുളളതാണ് പുതിയ നിയമമെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.