ലക്നോ: ഉത്തര്‍പ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് ചരിത്രവിജയം. ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 635 സീറ്റ് നേടി വന്‍വിജയം കൊയ്തു.
തെരഞ്ഞെടുപ്പിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടു. ഹാമിര്‍പുര്‍ ജില്ലയില്‍ ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രവര്‍ത്തകരെ മര്‍ദിച്ചതായും വോട്ടര്‍മാരെ തടഞ്ഞതായും സമാജ്വാദി പാര്‍ട്ടി ആരോപിച്ചു. പോലീസുകാര്‍ക്കുവരെ സംഘര്‍ഷത്തില്‍ പരിക്കേറ്റു. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
ചാന്ദൗലി ജില്ലയിലും വലിയ തോതിലുള്ള അക്രമസംഭവങ്ങള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി പ്രവര്‍ത്തകരും സമാജ്വാദി പ്രവര്‍ത്തകും തമ്മില്‍ വാക്കേറ്റമുണ്ടായത് സംഘര്‍ഷത്തില്‍ കലാശിച്ചു. നിരവധി വാഹനങ്ങള്‍ സംഘര്‍ഷത്തിനിടെ തകര്‍ക്കപ്പെട്ടിട്ടുണ്ട്. പോലീസ് ലാത്തി ഉപയോഗിച്ചാണ് സംഘര്‍ഷാവസ്ഥ നിയന്ത്രിച്ചത്.
എതാവ, അയോധ്യ, പ്രയാഗ്രാജ്, അലിഗഢ്, ഹാഥ്രസ്, സോന്‍ഭദ്ര തുടങ്ങിയ ജില്ലകളിലും വ്യപകമായ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അക്രമസംഭവങ്ങള്‍ക്കിടെ പോലീസുകാര്‍ക്കും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷമുണ്ടാക്കുന്ന ബിജെപി-സമാജ്വാദി പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഹത്രാസില്‍ എസ്പി പ്രവര്ത്തകന് വെടിവയ്പില്‍ പരിക്കേറ്റു. ചാന്ദൗലി ജില്ലയില്‍ ബിജെപി- സമാജ്വാദി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കല്ലേറില്‍ ബൈക്കുകള്‍ നശിച്ചു. ഇറ്റാവ, അയോധ്യ, പ്രയാഗ്രാജ്, അലിഗഡ്, പ്രതാപ്ഗഡ്, സോന്‍ഭദ്ര ഉള്‍പ്പെടെ 17 ജില്ലകളിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മൂന്ന് മണിയോടെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായിരുന്നു. പിന്നീട് നടന്ന വോട്ടണ്ണലില്‍ അറുന്നൂറിലധികം സീറ്റുകളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാനായതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. വോട്ടണ്ണല്ഫലം പൂര്‍ണമായും പുറത്തുവരുമ്പോള്‍ ഈ സംഖ്യ ഇനിയും കൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.