ന്യൂഡല്‍ഹി: ഹരിയാനയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി നേതാക്കള്‍ക്കെതിരേ കര്‍ഷകരുടെ വന്‍ പ്രതിഷേധം. രണ്ടു ജില്ലകളിലായി വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ രണ്ടു നേതാക്കള്‍ക്ക് എതിരേ ആയിരുന്നു ജനക്കൂട്ടം രോഷം കൊണ്ടത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമത്തിനെതിരേ കര്‍ഷകര്‍ രാജ്യാതിര്ത്ഥിയില് പ്രതിഷേധം എട്ടു മാസം പിന്നിട്ടു കഴിഞ്ഞു.
ഹരിയാനയിലെ യമുനാനഗര്‍, ഹിസാര്‍ ജില്ലകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ ബി.ജെ.പി നേതാക്കളെ തടഞ്ഞതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉടലെടുത്തത്. യുമുനാനഗറില് സംസ്ഥാന ഗതാഗതമന്ത്രി മൂള്‍ചന്ദ് ശര്‍മ്മയ്ക്ക് നേരെയായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. പോലീസുകാരുമായി കര്‍ഷകര്‍ ഇവിടെ ഏറ്റുമുട്ടുകയും ചെയ്തു. ജില്ലയില്‍ ഒരിടത്തും ബിജെപി – ജനനായക് ജനതാ പാര്‍ട്ടി നേതാക്കളെ ഒരു പൊതുപരിപാടിയിലും പങ്കെടുക്കാന്‍ അനുവദിക്കില്ല എന്ന് നേരത്തേ തന്നെ കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ ഭീഷണി നില നില്ക്കുന്ന സാഹചര്യത്തില്‍ പരിപാടിയ്ക്ക് നേരത്തേ തന്നെ കനത്ത പോലീസ് സുരക്ഷ ഏര്‍പ്പാടാക്കിയിരുന്നു. എന്നാല്‍ ട്രാക്ടറും മറ്റുമായി എത്തിയ കര്‍ഷകര്‍ പോലീസ് ബാരിക്കേഡെല്ലാം തകര്‍ത്തു മുന്നേറി.
സമാന സംഭവം ഹിസാറില്‍ സംഭവിച്ചു. ഇവിടെ ബിജെപി സംസ്ഥാന പ്രസിഡന്റ് ഓം പ്രകാശ് ധന്‍കറിനായിരുന്നു തിരിച്ചടിയേറ്റത്. ഗുരു ജംബേശ്വര്‍ സര്‍വകലാശാലയിലെ പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു ഓം പ്രകാശ് എത്തിയത്. ഇവിടെ സര്‍വകലാശാലയുടെ പ്രധാനഗേറ്റില്‍ തന്നെ കനത്ത പോലീസ് കാവല്‍ ഉണ്ടായിരുന്നു. ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍മാരായ റോഹ്താസ് സിഹാഗും രാജ്ബീര്‍ സെയ്നിയുടേയും നിയന്ത്രണത്തിലായിരുന്നു പോലീസ് വിന്യാസം.
മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ഹരിയാനയില്‍ ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷക പ്രക്ഷോഭകര്‍ക്കെതിരെ കടുത്ത നടപടികളാണ് മാസങ്ങളായി കൈക്കൊള്ളുന്നത്. ഡല്‍ഹിയിലേക്കുള്ള റോഡുകള്‍ തടഞ്ഞും ടെലികോം സേവനങ്ങള്‍ നിര്‍ത്തലാക്കിയും സമരക്കാരെ പിന്തിരിപ്പിക്കാന് ശ്രമിച്ചിരുന്നു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഈ മാസം 22 മുതല്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം