തിരുവനന്തപുരം: കേരള നിക്ഷേപസൗഹൃദമല്ലെന്ന കിറ്റക്സ് എംഡിയുടെ ആരോപണം കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഏറ്റവും വലിയ നിക്ഷേപസൗഹൃദമെന്ന അഭിപ്രായമാണ് പൊതുവേ കേരളത്തെക്കുറിച്ചുളളത്. എന്നാല്‍ ഇപ്പോള്‍ വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണങ്ങളാണ് ഉയരുന്നത്. ഒറ്റപ്പെട്ട എന്തെങ്കിലും ചൂണ്ടിക്കാട്ടി സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിക്ക് തടസം സൃഷ്ടിക്കാനുള്ള ശ്രമം നല്ലതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നിയമവും ചട്ടവും പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. പരാതികള്‍ വന്നാല്‍ സ്വഭാവികമായി പരിശോധനയുണ്ടാവും. അത് ഏതെങ്കിലും തരത്തിലുള്ള വേട്ടയാടലായി കാണേണ്ട കാര്യമില്ല. ആരെയും വേട്ടയാന്‍ ഈ സര്‍ക്കാര്‍ തയ്യാറല്ല. അത് കേരളത്തില്‍ വ്യവസായം നടത്തുന്ന എല്ലാവര്ക്കും ബോധ്യമുള്ള കാര്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കിറ്റക്സ് സംഘത്തെ സ്വീകരിക്കാൻ വിമാനമയച്ചതും കൊണ്ടുപോയതും തെലങ്കാന സംസ്ഥാനത്തിന്റെ താത്പര്യം കൊണ്ടായിരിക്കും. എന്നാൽ ഇതുയർത്തുന്ന ഗൗരവമായ പ്രശ്നങ്ങളുണ്ട്. സംസ്ഥാനത്ത് ഒരുപാട് വസ്തുതകൾക്ക് നിരക്കാത്ത വാദങ്ങൾ ഉയർന്നിട്ടുണ്ട്. കേരളം നിക്ഷേപത്തിന് അനുകൂലമല്ലെന്നത് പല കാലങ്ങളായി പറഞ്ഞു പരത്തിയ കാര്യമാണെന്നും, ഇത്, പൂർണമായും നമ്മുടെ നാട് നിരാകരിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എംഎസ്എംഇ പദ്ധതികൾക്കായി 1400 കോടിയുടെ പദ്ധതിയാണ് സർക്കാർ രൂപീകരിച്ചത്. കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്കായി സ്ഥലം ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്. ഇതിലെല്ലാം നിക്ഷേപകർക്ക് അനുകൂലമായ സാഹചര്യം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വ്യവസായ നിക്ഷേപത്തിന് ഏഴ് നിയമങ്ങളും പത്ത് ചട്ടങ്ങളും മാറ്റി.
നിക്ഷേപത്തിനുള്ള ലൈസൻസും അനുമതികളും വേഗത്തിൽ ലഭ്യമാക്കാൻ കെ-സ്വിഫ്റ്റ് എന്ന പേരിൽ ഓൺലൈൻ ക്ലിയറൻസ് സംവിധാനം ഉണ്ടാക്കി. 30 ഓളം വകുപ്പുകളുടെ അനുമതിക്കായി ഏകീകൃത സൗകര്യമൊരുക്കി. 30 ദിവസത്തിനുള്ളിൽ അനുമതി കിട്ടിയില്ലെങ്കിൽ കൽപ്പിത അനുമതിയായി കണക്കാക്കും.
ഒരു സാക്ഷ്യപത്രം കൊടുത്ത് ഇന്ന് കേരളത്തിൽ ഒരു വ്യവസായം തുടങ്ങാം. മൂന്ന് വർഷം കഴിഞ്ഞ് ആറ് മാസത്തിനകം ലൈസൻസ് നേടിയാൽ മതി. ഇത്തരമൊരു സ്ഥിതി നിലവിലുള്ള സംസ്ഥാനമാണ് കേരളം. 700946 ചെറുകിട സംരംഭങ്ങൾ കേരളത്തിൽ 2016 ന് ശേഷം തുടങ്ങി. ആറായിരം കോടിയുടെ നിക്ഷേപമെത്തി.
നൂറ് കോടി വരെയുള്ള നിക്ഷേപങ്ങൾക്ക് ഒരാഴ്ചക്കകം അംഗീകാരം നൽകും. എംഎസ്എംഇ വ്യവസായം ആരംഭിക്കുന്നതിന് നടപടി വേഗത്തിലാക്കാൻ നിക്ഷേപം സുഗമമാക്കൽ ബ്യൂറോ തുടങ്ങി. സംരംഭങ്ങൾക്ക് സംശയം തീർക്കാൻ ടോൾ ഫ്രീ നമ്പർ, ഇൻവെസ്റ്റ്മെന്റ് ഫെസിലിറ്റേഷൻ സെന്റർ എന്നിവയുണ്ട്.
ലൈസൻസ് പുതുക്കാൻ ഓട്ടോ റിന്യൂവൽ സൗകര്യം, അസന്റ് നിക്ഷേപ സംരംഭം തുടങ്ങിയവ സംസ്ഥാനത്ത് നിക്ഷേപം ആകർഷിക്കാൻ സ്വീകരിച്ച സംരംഭങ്ങളാണ്. ഈസ് ഓഫ് ഡൂയിങിൽ കേരളത്തെ പത്താം സ്ഥാനത്തേക്ക് കേരളത്തെ എത്തിക്കാനാണ് ശ്രമം. ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തിക്കാണിക്കുന്നത് നാടിന്റെ മുന്നോട്ട് പോക്കിനെ തടയാനുള്ള ശ്രമമാണ്. പരാതി വന്നാൽ സ്വാഭാവികമായ പരിശോധനയുണ്ടാകും. അത് വേട്ടയാടലല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.