കോട്ടയ്ക്കല്‍: ആയുർവേദാചാര്യൻ ഡോ.പി.കെ.വാര്യർ അന്തരിച്ചു.ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ജൂണ്‍ എട്ടിനായിരുന്നു അദ്ദേഹം നൂറാം പിറന്നാള്‍ ആഘോഷിച്ചത്. പ്രായാധിക്യത്തെ തുടർന്ന് ഏറെ നാളായി വിശ്രമത്തിലും ചികിത്സയിലുമായിരുന്നു.
രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആയുർവേദ ചികിത്സാ സ്ഥാപനമായ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു.ആയുർവേദത്തിന് ശാസ്ത്രീയ മുഖം നൽകിയ പ്രതിഭ എന്ന നിലയിലാണ് ചരിത്രം ഡോ.പി.കെ. വാര്യരെ അടയാളപ്പെടുത്തുന്നത്. സ്മൃതി പർവ്വം എന്ന പി.കെ. വാര്യരുടെ ആത്മകഥക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെമ്പാടും പിന്നീട് രാജ്യത്തിന് പുറത്തേക്കും കോട്ടക്കൽ ആര്യവൈദ്യശാലയുടെ പ്രവർത്തനം വ്യാപിപ്പിച്ചത് ഡോ.പി.കെവാര്യരാണ്. 1999-ൽ പത്മശ്രീയും 2009-ൽ പത്മഭൂഷണും നൽകി രാജ്യം ആ വൈദ്യരത്നത്തെ ആദരിച്ചു. ആയുർവേദത്തിൻ്റെ മറുകര കണ്ട ആ ജ്ഞാനിയെ ഡിലിറ്റ് ബിരുദം നൽകി കോഴിക്കോട് സർവ്വകലാശാലയും അനുമോദിച്ചു.
അന്തരിച്ച കോടി തലപ്പണ ശ്രീധരൻ നമ്പൂതിരിയുടേയും വൈദ്യരത്നം പി.എസ്. വാരിയരുടെ സഹോദരി പാർവതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായാണ് ജനനം. ഭാര്യ: വിദുഷിയും കവയിത്രിയും സഹൃദയയുമായിരുന്ന കക്കടവത്ത് വാരിയത്ത് മാധവിക്കുട്ടി വാരസ്യാർ. മക്കൾ: ഡോ. കെ.ബാലചന്ദ്രൻ, സുഭദ്രരാമചന്ദ്രൻ, പരേതനായ വിജയൻ വാര്യർ. മരുമക്കൾ: രാജലക്ഷ്മി, രതി വിജയൻ.