തിരുവനന്തപുരം: സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച തിരുവനന്തപുരം നഗരസഭാ പരിധിയിൽ പരിശോധന കർശനമാക്കാൻ ആരോഗ്യവകുപ്പ് തീരുമാനം. നഗരത്തിലെ നൂറ് വാർഡുകളിൽ നിന്നായി കൂടുതൽ സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കാനാണ് തീരുമാനം.
വൈറസ് പ്രതിരോധത്തിന് കർമ്മപദ്ധതി രൂപീകരിച്ചാണ് ജില്ലാ ഭരണകൂടം മുന്നോട്ട് നീങ്ങുന്നത്. ലാബുകളോട് സിക്ക സംശയമുള്ള കേസുകൾ പ്രത്യേകം റിപ്പോർട്ട് ചെയ്യാനാണ് നിർദേശം നൽകിയിരിക്കുന്നത്. ആരോഗ്യകേന്ദ്രങ്ങളിൽ പനി ക്ലീനിക്കുകൾ ഉറപ്പാക്കും.തിരുവനന്തപുരത്തെത്തിയ, കേന്ദ്ര ഉന്നതതല സംഘം ഇന്ന് തലസ്ഥാനത്തെ സ്ഥിതി വിലയിരുത്തും. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത നഗരസഭാ പരിധിയിലും പാറശാലയിലും ഉൾപ്പടെ സംഘം സന്ദര്‍ശിക്കും. ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന സംഘം രോഗപ്രതിരോധം സംബന്ധിച്ച് നിർദേശങ്ങൾ നൽകും.