തിരുവനന്തപുരം: കെ.എസ്.ബി.സി ഷോപ്പുകളിൽ അനിയന്ത്രിതമായി ജനക്കൂട്ടം ഉണ്ടായി കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കുന്നതിലേയ്ക്കായി എക്സൈസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനും പോലിസ് സഹായം തേടാനും എക്സൈസ് കമ്മിഷണർ കർശന നിർദേശം നൽകി. കെ.എസ്.ബി.സി യിലെ എല്ലാ കൌണ്ടറുകളും മുഴുവൻ സമയം പ്രവർത്തിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനും ഷോപ്പുകളിൽ പരിശോധന നടത്തി വരുന്നതായും ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.
കോവിഡ് 19 ലോക്ഡൗണിന്റെ ഭാഗമായി അച്ച് പൂട്ടിയിരുന്ന മദ്യ വിൽപ്പനശാലകൾ ലോക്ക് ഡൗണിൽ അയവ് വരുത്തിയതോടു കൂടി സർക്കാർ അനുമതിയുടെ അടിസ്ഥാനത്തിൽ 17.06.2021 തീയതി മുതല്‍ തുറന്നു പ്രവർത്തിച്ചിട്ടുള്ളതാണ്. മൊത്ത വിൽപ്പനയിൽ കെ.എസ്.ബി.സി-ക്ക് ഉണ്ടാകുന്ന നഷ്ടം നികത്തുന്നതിന് 16.06.2021 തീയതിയിലെ സർക്കാർ ഉത്തരവ് പ്രകാരം കെ.എസ്.ബി.സി യുടെ ലാഭ വിഹിതം കൺസ്യൂമർഫെഡിന് 20 ശതമാനമായും ബാറുകൾക്ക് 25 ശതമാനമായും വർദ്ധിപ്പിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ബാർ ഹോട്ടലുകളും കൺസ്യൂമർഫെഡിന്റെ മദ്യവിൽപ്പനശാലകളും തുറന്ന് പ്രവർത്തിച്ചിട്ടില്ലാത്തതാണ്.
ടി വിഷയം പരിഹരിക്കുന്നതിന് 02.7.2021 തീയതിയിലെ സർക്കാർ ഉത്തരവ് പ്രകാരം നികുതി വകുപ്പ് സെക്രട്ടറി, എക്സൈസ് കമ്മീഷണർ, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി, ഫിനാൻസ് റിസോർസ് എന്നിവർ ഉൾപ്പെട്ട ഒരു കമ്മിറ്റി രൂപീകരിച്ചു. കമ്മറ്റി ബന്ധപ്പെട്ട എല്ലാ കക്ഷികളിൽ നിന്നും നിവേദനങ്ങൾ സ്വീകരിക്കുകയും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
തുടർന്ന് കമ്മിറ്റി ഇതു സംബന്ധിച്ച് വിവിധ വശങ്ങൾ പരിഗണിച്ച് കെ.എസ്.ബി.സി യുടെ ലാഭവിഹിതം 8 ശതമാനത്തിൽ നിന്ന് 5 ശതമാനം വർദ്ധിപ്പിച്ച് 13 ശതമാനമായി ഏകീകരിക്കുന്നതിന് ശുപാർശ സർക്കാരിൽ സമർപ്പിച്ചു.