വാഷിങ്ടണ്‍: കോവിഡ് വാക്സിന്റെ മൂന്നാം ഡോസിന് അമേരിക്കയില്‍ അനുമതി തേടാന്‍ മരുന്ന് നിര്‍മാണ കമ്പനിയായ ഫൈസര്‍. ഒരു വര്‍ഷത്തിനുള്ളില്‍ മൂന്നാം ഡോസ് സ്വീകരിച്ചാല്‍ പ്രതിരോധ ശേഷി വളരെയധികം കൂടുമെന്നും കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദത്തെ വരെ തടയുമെന്നും കമ്പനി അവകാശപ്പെട്ടു. ഈ സാഹചര്യത്തില്‍ അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മൂന്നാം ഡോസിനുള്ള അനുമതിക്കായി ആവശ്യപ്പെടുമെന്നും കമ്പനികള്‍ വ്യക്തമാക്കി.
ആദ്യത്തെ രണ്ടു ഡോസുകളെ അപേക്ഷിച്ച് മൂന്നാം ഡോസ് എടുക്കുന്നവരില്‍ ആന്റിബോഡിയുടെ അളവ് 5-10 ഇരട്ടി വര്‍ധിക്കുന്നതായി നടന്നുകൊണ്ടിരിക്കുന്ന ചില പഠനങ്ങള്‍ സൂചന നല്കുന്നു. ബീറ്റാ വകഭേദത്തെ മുന്‍നിര്‍ത്തിയുള്ള ഈ പഠനഫലം ഡെല്‍റ്റ വകഭേദത്തിനും ബാധമാണെന്നാണ് കരുതുന്നതെന്ന് കമ്പനികള്‍ പറയുന്നു. ഡെല്‍റ്റ വകഭേദത്തിനെതിരേ പ്രത്യേക വാക്സിന് വികസിപ്പിക്കാനുള്ള ശ്രമവും നടത്തുന്നുണ്ടെന്നും കമ്പനികള്‍ വ്യക്തമാക്കി.
ഡെല്‍റ്റ വകഭേദത്തിലൂടെ ആന്റിബോഡി കുറയുമ്പോള്‍ പ്രതിരോധശേഷിയെ ബാധിച്ച് നേരിയ അണുബാധയുണ്ടാകുന്നുണ്ട്. വാക്സിന് നല്‍കുന്നതിലൂടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സാഹചര്യം കൂടി ഒഴിവാക്കുകയാണ് ലക്ഷ്യം. ആദ്യ ഡോസ് തന്നെ പൂര്‍ത്തിയാക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ മൂന്നാം ഡോസ് വാക്സിന് നല്‍കുക എന്നത് വലിയ പരിശ്രമം ആവശ്യമുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ ജനസംഖ്യയില്‍ 48 ശതമാനമാണ് പൂര്‍ണമായി വാക്സിനെടുത്തത്.
രോഗവ്യാപന ശേഷി കൂടിയ കൊറോണ വൈറസ് വകഭേദമായ ഡെല്‍റ്റ ഇന്ത്യയില്‍ തിരിച്ചറിഞ്ഞതിനു പിന്നാലെയാണ് ലോക രാജ്യങ്ങള്‍ വീണ്ടും മുന്‍കരുതല്‍ നടപടികളിലേക്ക് കടന്നത്. പുതിയ വകഭേദം സൃഷ്ടിക്കുന്ന രോഗവ്യാപനം തടയുന്നതിന് വാക്സിനേഷന് കൂടുതല്‍ വേഗത്തിലാക്കാനും പല രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. ഇതിനിടയിലാണ് പ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിന് മൂന്നാം ഡോസ് നല്‍കുന്നതിനേക്കുറിച്ച് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ആലോചിക്കുന്നത്.