ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 1,500 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര സർക്കാർ. പ്ലാന്റുകൾ സ്ഥാപിക്കുന്നത് വേഗത്തിലാക്കാൻ കോവിഡ് അവലോകന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി. രാജ്യത്തെ 50 ശതമാനം കോവിഡ് കേസുകളും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് മൂന്നാംതരംഗ ഭീഷണി നിലനിൽക്കെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നത്. 1,500 ഓക്സിജൻ പ്ലാന്റുകൾ നിർമിച്ച് നാലുലക്ഷം ഓക്സിജൻ കിടക്കകൾ സജ്ജമാക്കുകയാണ് ലക്ഷ്യംവയ്ക്കുന്നത്.
പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിലെ പുരോഗതിയും പ്രധാനമന്ത്രി മുതിർന്ന ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. പിഎം കെയർ ഫണ്ട് ഉപയോഗിച്ചാണ് വിവിധ സംസ്ഥാനങ്ങളിൽ പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നത്.
ഓക്സിജൻ പ്ലാന്റുകൾ കഴിയുന്നതും വേഗം സ്ഥാപിക്കണം. ഇതിനായി സംസ്ഥാന ഗവൺമെന്റുകളുമായി ചേർന്ന് പ്രവർത്തിക്കണം. പ്ലാന്റുകൾ പ്രവർത്തിപ്പിക്കാൻ എല്ലാ ജില്ലകളിലും വിദഗ്ധരെ കണ്ടെത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇതിനായി പരിശീലനം തയ്യാറാക്കിയതായും, 8000 പേർക്ക് പരിശീലനം നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പ്ലാന്റിന്റെ പ്രവർത്തനവും പ്രകടനവും നരീക്ഷിക്കാൻ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കാനും പ്രധാനമന്ത്രി നിർദേശിച്ചു. ഇതിനായി സംവിധാനം എല്ലാ പ്ലാന്റുകളിലും ഒരുക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥരും യോഗത്തിൽ പ്രധാനമന്ത്രിയെ ധരിപ്പിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരടക്കം പ്രധാനപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തൽ പങ്കെടുത്തു.
ആരോഗ്യ അടിസ്ഥാന സൗകര്യ വികസനത്തിനായി കോവിഡ് ദുരിതാശ്വാസ പാക്കേജായി 23,123 കോടി രൂപയും വ്യാഴാഴ്ച കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഈ ദുരിതാശ്വാസം 2021 ജൂലൈ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെയാണ് നല്‍കുക. ഇതില്‍ 15,000 കോടി രൂപ കേന്ദ്ര വിഹിതവും 8,123 കോടി സംസ്ഥാന വിഹിതവുമായിരിക്കും.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43, 393 കോവിഡ് കേസുകളും 911 മരണവും റിപ്പോർട്ട് ചെയ്തു. 4,58,727 പേരാണ് രാജ്യത്ത് കോവിഡ് ചികിത്സയിൽ തുടരുന്നത്. അതിനിടെ മൂന്നാമത്തെ ഡോസ് വാക്സിന് ഫൈസറും ബയോ എൻ ടെക്കും അനുമതി തേടി അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ സമീപിച്ചു. ഡെൽറ്റ ഉൾപ്പെടെയുള്ള വകഭേദങ്ങളെ ചെറുക്കാൻ മൂന്നാമത്തെ ഡോസ് വാക്സിന് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഫൈസറിനും ബയോ എൻ ടെക്കിനും അടിയന്തര ഉപയോഗത്തിന് ഇന്ത്യയിൽ അനുമതി നൽകിയിട്ടില്ല.