ന്യൂഡല്‍ഹി: സുള്ളി ഡീല്‍സ് ആപ്പ് നിര്‍മാതാക്കള്‍ക്കെതിരെ ഡല്‍ഹി പൊലിസ് കേസെടുത്തു. മുസ്ലിം സ്ത്രീകളുടെ ഫോട്ടോകള്‍ ശേഖരിച്ച് മുസ്ലിം സ്ത്രീകള്‍ വില്‍പ്പനക്ക് എന്ന പേരില്‍ അപമാനിച്ച സംഭവത്തിലാണ് നടപടി. സുള്ളി ഡീല്‍സ് എന്ന ആപ്പ് ലഭ്യമാക്കിയതിന് ഓപണ്‍ സോഴ്സ് പ്ലാറ്റ്ഫോമായ ഗിറ്റ്ഹബിന് നോട്ടിസ് അയക്കുകയും ചെയ്തിട്ടുണ്ട്.
മുസ്ലിം സ്ത്രീകളെ അപമാനിക്കാന്‍ ഉപയോഗിക്കുന്ന പദമാണ് ‘സുള്ളി’. നൂറുകണക്കിന് മുസ്ലിം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഫോട്ടോകളാണ് സുള്ളി ഡീല്‍സ് ആപ്പിൽ വിൽപനക്കായി വെച്ചിരിക്കുന്നത്.
നിയമവിരുദ്ധമായി മുസ്ലിം സ്ത്രീകളുടെ ഫോട്ടോ ശേഖരിച്ച് അപകീര്‍ത്തികരമായി ഉപയോഗിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐ.പി.സി 354എ പ്രകാരം സ്ത്രീകള്‍ക്കെതിരേ അതിക്രമം നടത്തിയതിനാണ് കേസെടുത്തതെന്നും സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും ഡല്‍ഹി പോലിസ് ഉദ്യോഗസ്ഥന് പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗിറ്റ്ഹബിന് നോട്ടിസ് അയച്ചതായും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മീഷന് (ഡി.സി.ഡബ്ല്യു) ഡല്‍ഹി പോലിസിന് നോട്ടിസ് നല്‍കുകയും വിശദമായ റിപോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് നടപടി.
‘ഗിറ്റ് ഹബ്’ എന്ന പ്ലാറ്റ്ഫോം ഉപയോഗിച്ച് നിരവധി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തതായുള്ള മാധ്യമ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തത്. നൂറുകണക്കിന് മുസ്ലിം സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഫോട്ടോകള്‍ അജ്ഞാതര്‍ അപ്ലോഡ് ചെയ്തതായി റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.