കൊച്ചി: ഫെഡറല്‍ ബാങ്ക് ഓഹരി ഉടമകളുടെ 90-ാമത് വാര്‍ഷിക പൊതുയോഗം വെള്ളിയാഴ്ച നടന്നു. ബാങ്ക് ചെയര്‍പേഴ്സണ്‍ ഗ്രേസ് എലിസബത്ത് കോശിയുടെ അധ്യക്ഷതയില്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു യോഗം. ഓഹരി ഉടമകളും ഫെഡറല്‍ ബാങ്ക് ഡയറക്ടര്‍മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
ഓഹരി ഉടമകള്‍ക്ക് 35 ശതമാനം ലാഭവിഹിതം പ്രഖ്യാപിക്കുന്നതിനും മുന്‍ഗണനാ ഓഹരി വില്‍പ്പനയ്ക്കും, കടപത്രമിറക്കി ബാങ്കിന്റെ ടിയര്‍ വണ്‍ മൂലധനം ഉയര്‍ത്തുന്നതിനും യോഗം ഓഹരി ഉടമകളുടെ അനുമതി തേടി. 2019-20 സാമ്പത്തിക വര്‍ഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക ഫലങ്ങള്‍ക്കും ഓഹരി ഉടമകളുടെ അംഗീകാരം തേടി.
ബാങ്കിന്റെ എംഡിയും സി.ഇ.ഒ യുമായ ശ്യാം ശ്രീനിവാസന്, എക്സിക്യൂട്ടീവ് ഡയറക്ടറായ അശുതോഷ് ഖജുരിയ, സ്വതന്ത്ര ഡയറക്ടറായ എ പി ഹോട്ട എന്നിവരെ പുനര്‍നിയമിക്കുന്നതിനും വര്‍ഷ പുരന്ദരെയെ സ്വതന്ത്ര ഡയറക്ടറായി നിയമിക്കുന്നതിനും കൂടി യോഗം ഓഹരി ഉടമകളുടെ അനുമതി തേടി.
ഡിജിറ്റല്‍ വിപൂലീകരണം, ജനശാക്തീകരണം എന്നീ ഇരട്ട ലക്ഷ്യങ്ങളില്‍ ശ്രദ്ധയൂന്നി, പ്രവര്‍ത്തനശേഷിയുടേയും കരുത്തിന്റേയും പിന്‍ബലത്തില്‍ അപ്രതീക്ഷിത വെല്ലുവിളികളെ മറികടക്കാനും മികച്ച വളര്‍ച്ച നേടാനും പോയ വര്‍ഷം ബാങ്കിനു സാധിച്ചുവെന്ന് ചെയര്പേഴ്സന് ഗ്രേസ് എലിസബത്ത് കോശി പറഞ്ഞു.
ഫെഡറല്‍ ബാങ്കിന്റെ ഇന്നത്തെ ഡിജിറ്റല്‍ പുതുമകള്‍ ബാങ്കിങ് രംഗത്തെ നാളെയുടെ മാതൃകകളെ പുനര്‍നിര്‍വചിക്കുന്നതാണെന്ന് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന് പ്രസ്താവിച്ചു. ലളിതം, ഡിജിറ്റല്‍, സമ്പര്‍ക്കരഹിതം എന്നിവയാണ് 2020-21 സാമ്പത്തിക വര്‍ഷത്തെ തങ്ങളുടെ നവീനപദ്ധതികളുടെ ആധാരമെന്ന് കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെയ്സ്ബുക്ക്, യുട്യൂബ്, ട്വിറ്റര്‍, ക്ലബ്ഹൗസ് എന്നീ സാമൂഹിക മാധ്യമങ്ങള്‍ വഴി വാര്‍ഷിക പൊതുയോഗം തത്സമയം സംപ്രേഷണം ചെയ്ത പ്രഥമ ബാങ്ക് എന്ന സവിശേഷതയ്ക്കും ഇന്നത്തെ യോഗത്തോടെ ഫെഡറല്‍ ബാങ്ക് അര്‍ഹമായി.