കണ്ണൻ ദേവൻ കമ്പനി കുണ്ടള എസ്റ്റേറ്റിൽ തൊഴിലാളി ലയങ്ങൾക്ക് തീപിടിച്ചു. കിടപ്പു രോഗിയായ വയോധികനെ അയൽവാസികൾ സാഹസികമായി രക്ഷപ്പെടുത്തി. മാട്ടുപ്പെട്ടിയിൽ വഴിയോരക്കട നടത്തുന്ന രാമരാജിന്റെ പിതാവ് വേടനെയാണ് രക്ഷപ്പെടുത്തിയത്. ഇരുകൈകൾക്കും പൊള്ളലേറ്റ ഇദ്ദേഹത്തെ മൂന്നാർ ടാറ്റാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് സംഭവം.
കുണ്ടള എസ്റ്റേറ്റ് പുതുക്കടി ഡിവിഷനിൽ 10 മുറി ലയത്തിലായിരുന്നു തീപിടിത്തം. രാമരാജിന്റെ വീട്ടിലുണ്ടായ വൈദ്യുതി തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ സമയം വീട്ടിൽ വേടൻ മാത്രമാണ് ഉണ്ടായിരുന്നത്. വാതിൽ അകത്തു നിന്നു പൂട്ടിയിരുന്നു.വീടിനുള്ളിൽ നിന്നു തീയും പുകയും ഉയരുന്നതു കണ്ട അയൽവാസികൾ ഓടിയെത്തി ജനൽ ചില്ല് തകർത്ത് അതുവഴി വാതിലിന്റെ പൂട്ട് തുറന്ന് അകത്തെത്തി വേടനെ സാഹസികമായി പുറത്തെത്തിച്ചു. ഇവരുടെ വീടും വീട്ടുപകരണങ്ങളും ഏകദേശം പൂർണമായി കത്തിനശിച്ചു. അയൽവാസികളായ വീരരാജ്, പെരുമാൾ എന്നിവരുടെ വീടുകൾക്കും ചെറിയ തോതിൽ നഷ്ടമുണ്ടായി. മൂന്നാറിൽ നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.