പ്രധാനമന്ത്രി മത്സ്യസമ്പത്ത് യോജന പ്രകാരം ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ മത്സ്യകൃഷിയിൽ ദമ്പതികൾ വിജയം നേടുന്നു. ഇരുമ്പൂഴിക്കര ധന്യയിൽ മനോജ്കുമാർ, ഭാര്യ അഹല്യ എന്നിവരാണു മത്സ്യകൃഷിയിൽ വിജയം കൈവരിച്ചത്. ലോക്ക് ഡൗണിൽ സമയം ചെലവഴിക്കാൻ തോന്നിയ ആശയം വിജയിച്ചതിന്റെ സന്തോഷത്തിൽ കൂടിയാണ് ഈ ദമ്പതികൾ.
4 മീറ്റർ വ്യാസമുള്ള 7 ടാങ്കുകളിലായി വെള്ളം മാറ്റാതെ തന്നെ, ഗിഫ്റ്റ് തിലാപ്പിയ ഇനത്തിൽ പെട്ട മത്സ്യമാണു വിളവെടുത്തത്. 6 മാസം കൊണ്ടു പൂർണവളർച്ചയെത്തുന്ന മത്സ്യം, ബയോ ഫ്ലോക് പദ്ധതി പ്രകാരം 90 ദിവസം കൊണ്ടു വിളവെടുപ്പിനു പാകമായി. 12,000 ലീറ്റർ വെള്ളം കൊള്ളുന്ന ടാങ്കിൽ 1250 മത്സ്യമാണു നിക്ഷേപിച്ചത്. വെള്ളത്തിൽ അമ്ലത്വം, അമോണിയ തുടങ്ങിയവ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ ചെയ്തു. മത്സ്യങ്ങൾക്ക് ഓക്സിജൻ ലഭിക്കാനായി പ്രത്യേകം പമ്പുകളും പ്രവർത്തിപ്പിച്ചു.
താരതമ്യേന ചെലവു കുറഞ്ഞ ഫാമിങ് രീതിയാണു ബയോ ഫ്ലോക് കൃഷി. 7,50,000 രൂപ ചെലവു വരുന്ന പദ്ധതിക്ക് സ്ത്രീകൾക്ക് 60% സബ്സിഡി ഫിഷറീസ് വകുപ്പിൽ നിന്നു ലഭിക്കും. ഗുണമേന്മ കൂടിയതിനാലും വിഷമുക്തനായതിനാലും വിളവെടുക്കുന്ന മീനിന് ആവശ്യക്കാർ ഏറെയാണ്. ഒരു കിലോ മീൻ 250 രൂപയ്ക്കാണു വിൽക്കുന്നത്.