തിരുവനന്തപുരം: സംസ്ഥാനത്ത് 14 പേർക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകൾ പരിശോധിച്ച റിസൾട്ട് ഇന്ന് രാവിലെ ലഭിച്ചു. ഇതോടെയാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും ആരോഗ്യപ്രവർത്തകരാണ്.ഇതോടെ ആകെ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 15 ആയി.
രോഗം ബാധിച്ചവർ എല്ലാരും തന്നെ വീടുകളിലാണ് കഴിയുന്നത്. കഴിഞ്ഞ ദിവസം പാറശാലയിലാണ് ആദ്യമായി സിക്ക വൈറസ് ബാധ കണ്ടെത്തിയത്. ഗർഭിണിയായ യുവതിയ്ക്കാണ് രോഗ ബാധ കണ്ടെത്തിയിരുന്നത്.നിലവിൽ സിക്ക വൈറസ് രോഗം പ്രതിരോധിക്കാനോ ചികിത്സിക്കാനോയുള്ള മരുന്ന് ലഭ്യമല്ല. അനുബന്ധ ചികിത്സയാണ് നടത്തുന്നത്. രോഗ ലക്ഷണങ്ങളുള്ളവർ മതിയായ വിശ്രമമെടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. രോഗ ലക്ഷണങ്ങൾ കൂടുന്നെങ്കിൽ ചികിത്സ തേടേണ്ടതാണ്. സിക്ക ബാധിത പ്രദേശത്തുള്ള രോഗ ലക്ഷണമുള്ള ഗർഭിണികൾ പരിശോധനയും ചികിത്സയും തേടേണ്ടതാണ്.