ലോകം ഒന്നടങ്കം കൊറോണ വൈറസ് ഭീതിയിൽ തുടരുമ്പോഴും ചൈനയിലെ ഗവേഷണങ്ങളും പരീക്ഷണങ്ങളും നേരത്തെ തീരുമാനിച്ച പദ്ധതികളും അതിവേഗം നടക്കുകയാണ്. കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ മൂന്ന് റോക്കറ്റ് വിക്ഷേപണങ്ങളാണ് ചൈന നടത്തിയത്.
നിർമാണത്തിലിരിക്കുന്ന ബഹിരാകാശ നിലയത്തിലേക്ക് മൂന്ന് യാത്രികരെ നേരത്തെ തന്നെ എത്തിച്ച ചൈന ഇപ്പോൾ അവർക്ക് വേണ്ട സാധനങ്ങളും മറ്റു സാമഗ്രികളും എത്തിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാലു ദിവസത്തിനിടെ മൂന്നു തവണയാണ് റോക്കറ്റ് വിക്ഷേപണം നടത്തിയത്. ഈ വിക്ഷേപണങ്ങളെല്ലാം സൂചിപ്പിക്കുന്നത് ചൈന കോവിഡിന് മുൻപത്തെ നിലയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു എന്നതാണ്.
യുഎസും റഷ്യയും കൂടുതലായി ആധിപത്യം പുലർത്തുന്ന ബഹിരാകാശത്ത് ചൈനയും വ്യക്തമായ ഇടം നേടി കഴിഞ്ഞു. ചന്ദ്രനിലേക്കും ചൊവ്വയിലേക്കും പേടകങ്ങളെ അയച്ച് വിജയം കൈവരിച്ച ചൈന സ്വന്തം ബഹിരാകാശ നിലയവും വൈകാതെ പൂർത്തിയാക്കും. പുതിയ നിലയത്തിലേക്ക് വേണ്ട സാങ്കേതിക സംവിധാനങ്ങളും ആശയവിനിമയത്തിനു വേണ്ട ഉപഗ്രഹങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ വിക്ഷേപിച്ചത്.