ജിദ്ദ: സൗദിയിൽ മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. ജിദ്ദയിൽ അക്കൗണ്ടന്റായിരുന്ന മലപ്പുറം തേഞ്ഞിപ്പലം സ്വദേശി അമീർ അലിയെ കൊലപ്പെടുത്തിയ കേസിലാണ് സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയത്.
കമ്പനിയിൽ കവർച്ച നടത്താനുള്ള ശ്രമം ചെറുക്കുന്നതിനിടെയാണ് അമീർ അലിയെ കൊലപ്പെടുത്തിയത്. ശേഷം പ്രതി അമീർ അലിയുടെ കൈവശമുണ്ടായിരുന്ന പണം എടുക്കുകയും മൃതദേഹം ഒളിപ്പിക്കുകയുമായിരുന്നു. എന്നാൽ കൊലപാതക വിവരം പുറത്തുവന്ന ഉടൻ സുരക്ഷാവിഭാഗം നടത്തിയ അന്വേഷണത്തിൽ വൈകാതെ പ്രതി പിടിയിലാവുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ പ്രതിയെ പോലീസ് ജിദ്ദ ക്രിമിനൽ കോടതിയിൽ ഹാജരാക്കി. കേസിലെ ഒന്നാം പ്രതിയുടെ വധശിക്ഷയാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.