പാലക്കാട്: തൃത്താലയിൽ മയക്കുമരുന്ന് നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദും പിടിയിലായി. നേരത്തെ കേസിൽ രണ്ട് പേർ പിടിയിലായിരിന്നു. അഭിലാഷ് ,നൗഫൽ എന്നിവരാണ് ആദ്യം അറസ്റ്റിലായിരുന്നത്.
കഴിഞ്ഞ ദിവസമാണ് തൃത്താല കറുകപ്പുത്തൂരിൽ മയക്കു മരുന്ന് നൽകി 18 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി ഉയർന്നത്. പെൺകുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചെന്ന് കാണിച്ച് അമ്മ പരാതി നൽകിയിരുന്നു. പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി.
പതിനാറു വയസ്സു മുതൽ മയക്കുമരുന്നു നൽകിയും നഗ്നചിത്രങ്ങള്‍ കാട്ടിയും പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയും മൊഴി നൽകിയിരുന്നു.
ഹോട്ടലുകളിൽ മറ്റ് ചെറുപ്പക്കാർക്കൊപ്പം നിൽക്കുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ കുടുംബത്തിന് ലഭിച്ചിരുന്നു. മറ്റ് യുവാക്കളും പെൺകുട്ടിയെ ശാരീരികമായി ഉപയോഗിച്ചതായി സംശയിക്കുന്നുവെന്ന് പരാതിയിൽ പറയുന്നുണ്ട്. രണ്ട് തവണ പല ഹോട്ടലുകളിൽ നിന്നുമായി യുവാവിനൊപ്പം പെൺകുട്ടിയെ പൊലീസ് പിടികൂടിയിരുന്നു.
പെൺകുട്ടിക്ക് കഞ്ചാവ്, കൊക്കൈയ്ൻ, എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളക്കം നൽകിയായിരുന്നു പീഡനമെന്നാണ് വ്യക്തമാകുന്നത്. പിതാവിന്റെ സുഹൃത്തായ മുഹമ്മദെന്ന ഉണ്ണിയും സുഹൃത്തുക്കളായ നൗഫലും അഭിലാഷും ചേർന്നായിരുന്നു പീഡിപ്പിച്ചിരുന്നത്. മുഹമ്മദിനും നൗഫലിനുമെതിരെ പോക്സോ കുറ്റം ചുമത്തിയിട്ടുണ്ട്. പെൺകുട്ടിക്ക് പ്രായപൂർത്തിയായ ശേഷം ഉപദ്രവിച്ച അഭിലാഷിനെതിരെ ബലാത്സംഗക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.