തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ 13 പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. രോഗം റിപ്പോര്‍ട്ട് ചെയ്തവരില്‍ കൂടുതല്‍ പേരും ആരോഗ്യ പ്രവര്‍ത്തകരാണ്. അതേസമയം, കേരളത്തില്‍ സിക്ക വൈറസ് സ്ഥിരീകരിക്കുന്നത് ഇതാദ്യമായിട്ടാണ്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
തിരുവനന്തപുരത്ത് ജില്ലയിലെ പാറശാല സ്വദേശിയായ 24 കാരിയായ ഗര്‍ഭിണിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 28നാണ് യുവതി പനി, തലവേദന, ചുവന്ന പാടുകള്‍ എന്നീ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ നടത്തിയ ആദ്യ പരിശോധനയില്‍ ചെറിയ തോതിലുള്ള രോഗലക്ഷണങ്ങള്‍ കാണിച്ചു. തുടര്‍ന്ന് സിക്കാ വൈറസ് ആണോയെന്നറിയാന്‍ എന്‍ഐവി പൂനയിലേക്ക് സാമ്പിളുകള്‍ അയക്കുകയായിരുന്നു.
കൊതുകുകള്‍ വഴി പടരുന്ന രോഗമാണ് സിക്ക. ഈഡിസ് വിഭാഗത്തില്‍പെട്ട കൊതുകാണ് വൈറസ് പരത്തുന്നത്. ഡെങ്കിപ്പനിക്കും ചിക്കുന്‍ഗുനിയക്കും സമാനമായ രോഗലക്ഷണം തന്നെയാണ് ഈ വൈറസ് ബാധയ്ക്കും ഉണ്ടാകുക. രോഗത്തിന് പ്രത്യേകിച്ച് ചികിത്സ ലഭ്യമല്ല. ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയാണ് രോഗികള്‍ക്ക് നല്‍കുക.