ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിലെ ആദ്യ പുനഃസംഘടനയ്ക്ക് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് സഹകരണ മന്ത്രാലയത്തിന്റെ ചുമതല നല്കി. രാജ്യത്തെ ആദ്യ സഹകരണ മന്ത്രിയാണ് അമിത് ഷാ. കഴിഞ്ഞ ദിവസമാണ് സഹകരണ മന്ത്രാലയം കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചത്.
മന്‍സൂഖ് മാണ്ഡവ്യ മോദിസര്‍ക്കാരിലെ ആരോഗ്യമന്ത്രിയാകും. രാജീവ് ചന്ദ്രശേഖര്‍ ഐടി സഹമന്ത്രിയാകും. രാസവള വകുപ്പിന്റെ ചുമതലയും മന്‍സൂഖ് മാണ്ഡവ്യക്കാണ്. അശ്വിനി വൈഷ്ണവ് റെയില്‍വേ മന്ത്രിയാകും. പീയുഷ് ഗോയലിന് ടെക്സ്റ്റൈല്‍സ് വകുപ്പ് ലഭിക്കും. വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയായി സ്മൃതി ഇറാനി തുടരും. ധര്‍മേന്ദ്ര പ്രധാന് വിദ്യാഭ്യാസമന്ത്രിയാകും.
അനുരാഗ് ഠാക്കൂറാണ് പുതിയ വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി. ഹര്‍ദീപ് സിങ് പുരിക്കാണ് പെട്രോളിയും വകുപ്പ്. റെയില്‍വേ, ഐടി-കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ചുമതല അശ്വനി വൈഷ്ണവിനാണ്. നിയമവകുപ്പ് കിരണ്‍ റിജ്ജുവിനും വനിതാ ശിശുക്ഷേമ വകുപ്പ് മഹേന്ദ്രഭായി മുഞ്ഞപ്പാറയ്ക്കും ലഭിച്ചു.
നിതിന്‍ ഗഡ്കരി, രാജ്നാഥ് സിംഗ്, നിര്‍മല സീതാരാമന്, എസ് ജയശങ്കര്‍ തുടങ്ങിയവരുടെ വകുപ്പുകളില്‍ മാറ്റമില്ല. ഹര്‍ദിപ് സിംഗ്പുരി പെട്രോളിയം, ജ്യോതിരാദിത്യ സിന്ധ്യ വ്യോമയാന മന്ത്രാലയം, സര്‍ബാനന്ദ സോനോവാള്‍ ജലഗതാഗതം എന്നിവ കൈകാര്യം ചെയ്യും. വിദേശകാര്യ സഹമന്ത്രിയായി വി മുരളീധരനൊപ്പം മീനാക്ഷി ലേഖിയെയും ഉള്‍പ്പെടുത്തി.
എല്ലാ മന്ത്രിമാരും പങ്കെടുക്കുന്ന കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് യോഗം വ്യാഴാഴ്ച നടക്കും.
നിലവിലുള്ള മന്ത്രിസഭയില്‍നിന്ന് 12 പേരെ ഒഴിവാക്കി, പുതുതായി 43 അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ ഉടച്ചുവാര്‍ത്തത്. ഇതില്‍ 36 പേര് പുതുമുഖങ്ങളാണ്. പഴയ മന്ത്രിസഭയില്‍ സഹമന്ത്രി പദവിയുണ്ടായിരുന്ന ഏഴ് പേര്‍ക്ക് കാബിനറ്റ് പദവിയും നല്കി. ആരോഗ്യമന്ത്രി ഹര്ഷവര്ധന്, നിയമം-ഐ.ടി. വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്, വനം-പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍ എന്നിവരടക്കമുള്ള പ്രമുഖരെ നീക്കിയാണ് പുതുമുഖങ്ങള്‍ക്ക് അവസരമൊരുക്കിയിരിക്കുന്നത്. പുതിയ മന്ത്രിമാര്‍ അടക്കം ആകെ 77 മന്ത്രിമാരാണ് മോദി മന്ത്രിസഭയില്‍ ഇപ്പോഴുള്ളത്. ഇതില്‍ 73 മന്ത്രിമാര്‍ ബിജെപിയില്‍ നിന്നും നാല് പേര് ഘടകക്ഷികളില്‍ നിന്നുമാണ്.
പുതിയ മന്ത്രിമാരില്‍ 15 പേര്‍ക്ക് കാബിനറ്റ് പദവിയുണ്ട്. 36 പേര് പുതുമുഖങ്ങളാണ്. പുതിയതായി സ്ഥാനമേറ്റ മന്ത്രിമാരില്‍ 11 വനിതകളുമുണ്ട്. ഒബിസി വിഭാഗത്തില്‍നിന്ന് 27 പേരും എസ്.ടി. വിഭാഗത്തില്‍നിന്ന് എട്ടുപേരും എസ്.സി. വിഭാഗത്തില്‍നിന്ന് 12 പേരും മന്ത്രിമാരായി. 13 അഭിഭാഷകര്‍, ആറ് ഡോക്ടര്‍മാര്‍, അഞ്ച് എന്‍ജിനീയര്‍മാര്‍, ഏഴ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, നാല് മുന്മുഖ്യമന്ത്രിമാര് എന്നിവരും പുതിയ മന്ത്രിമാരില്‍ ഉള്‍പ്പെടുന്നു.