മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണത്തിൽ മൈക്രോസോഫ്റ്റിന് നൽകിയ 1000 കോടി ഡോളറിന്റെ (ഏകദേശം 74720.50 കോടി രൂപ) ജെഡിഐ ക്ലൗഡ് കരാർ പെന്റഗൺ റദ്ദാക്കി. ട്രംപിനെതിരെ ബെയ്ഡൻ നടത്തുന്ന മറ്റൊരു നീക്കം കൂടിയാണിത്. അന്ന് ആമസോണിനെ ഒഴിവാക്കിയാണ് ഇത്രയും വലിയ കരാർ മൈക്രോസോഫ്റ്റിന് നൽകിയത്. ഇതിനെതിരെ ആമസോൺ കോടതിയെ സമീപിച്ചിരുന്നു.
2019 ൽ മൈക്രോസോഫ്റ്റിന് നൽകിയ 1000 കോടി ഡോളർ ജെഡിഐ (ജോയിന്റ് എന്റർപ്രൈസ് ഡിഫൻസ് ഇൻഫ്രാസ്ട്രക്ചർ) കരാർ പെന്റഗൺ റദ്ദാക്കിയതായി യുഎസ് പ്രതിരോധ വകുപ്പ് ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ജെഡിഐ ക്ലൗഡ് കരാർ അതിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നില്ലെന്നാണ് പെന്റഗൺ വക്താവ് പറഞ്ഞത്.
വർഷങ്ങളായി ഉപയോഗിക്കുന്ന പെന്റഗണിന്റെ ഐടി സംവിധാനങ്ങൾ നവീകരിക്കുന്നതിനാണ് ജെഡിഐ കരാർ നൽകിയിരുന്നത്. 2019 ഒക്ടോബറിലാണ് മൈക്രോസോഫ്റ്റിന് ഈ കരാർ ലഭിച്ചത്. എന്നാൽ, മറ്റു കമ്പനികളോട് ചോദിക്കാതെ ഭീമൻ തുകയുടെ കരാർ മൈക്രോസോഫ്റ്റിന് നൽകിയതിനെതിരെ ആമസോൺ ഉൾപ്പടെയുള്ള നിരവധി ടെക് കമ്പനികൾ രംഗത്തുവന്നിരുന്നു. അന്ന് ആമസോൺ മേധാവി ജെഫ് ബെസോസും ട്രംപും അത്ര നല്ല ബന്ധമായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
പുതിയ കരാറിനായി ആമസോൺ, മൈക്രോസോഫ്റ്റ് ഉൾപ്പടെയുള്ള കമ്പനികളിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കാൻ ഉദ്ദേശിക്കുന്നതായി പെന്റഗൺ അറിയിച്ചു. എന്നാൽ, പെന്റഗണിന്റെ തീരുമാനത്തോട് ആമസോണും മൈക്രോസോഫ്റ്റും പ്രതികരിച്ചില്ല. തീരുമാനം വന്നതോടെ മൈക്രോസോഫ്റ്റ് ഓഹരികൾ കുത്തനെ ഇടിഞ്ഞു.
മൈക്രോസോഫ്റ്റിന് 1000 കോടി ഡോളറിന്റെ ജെഡിഐ ക്ലൗഡ് കംപ്യൂട്ടിങ് കരാർ ലഭിച്ച് ഒരു വർഷത്തിനുശേഷമാണ് കഴിഞ്ഞ ഡിസംബറിൽ ആമസോൺ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് നിയമപോരാട്ടം നടത്താൻ തീരുമാനിച്ചത്. ആമസോണിനെ ഇല്ലാതാക്കാൻ ട്രംപ് ശ്രമിച്ചതിന്റെ തെളിവുകളും കോടതിയിൽ നൽകിയിരുന്നു.