ന്യൂ ഡല്‍ഹി: പുതുമയോടെ രണ്ടാം മോദി സര്‍ക്കാര്‍. രവിശങ്കര്‍ പ്രസാദും പ്രകാശ് ജാവ്ദേക്കറും ഹര്‍ഷവര്‍ദ്ധനും ഉള്‍പ്പെടെ 12 മന്ത്രിമാരാണ് രാജിവച്ചത്. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവനില്‍ തുടങ്ങി. നാരായണ്‍ റാണെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഇദ്ദേഹത്തിന് കാബിനറ്റ് പദവി ലഭിച്ചു. രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത് സര്‍ബാനന്ദ സോനോവാളാണ്. അസമിലെ മുന്‍ മുഖ്യമന്ത്രിയാണ് ഇദ്ദേഹം. മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തത് മധ്യപ്രദേശില്‍ നിന്ന് ഏഴാം തവണയും ലോക്സഭയിലേക്ക് എത്തിയ ഡോ വീരേന്ദ്രകുമാറാണ്. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയാണ് കാബിനറ്റ് പദവിയുള്ള മന്ത്രിയായി നാലാമത് സത്യപ്രതിജ്ഞ ചെയ്തത്. ആര്‍പിസി സിങ് കാബിനറ്റ് പദവിയുള്ള മന്ത്രിയായി അഞ്ചാമത് സത്യപ്രതിജ്ഞ ചെയ്തു.
ഒഡിഷയില്‍ നിന്നുള്ള രാജ്യസഭാംഗവും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ അശ്വിനി വൈഷ്ണവാണ് കാബിനറ്റ് പദവി ലഭിച്ച ആറാമന്‍. എല്‍ജെപി നേതാവും രാം വിലാസ് പാസ്വാന്റെ സഹോദരനുമായ പശുപതി കുമാര്‍ പരസാണ് കാബിനറ്റ് മന്ത്രിയായ ഏഴാമതായി സത്യപ്രതിജ്ഞ ചെയ്തത്. എട്ടാമതായി സത്യപ്രതിജ്ഞ ചെയ്തത് നിലവില്‍ കായിക മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള കിരണ്‍ റിജിജുവാണ്. നിലവില്‍ നൈപുണ്യ വികസന സഹമന്ത്രിയായ ബിഹാറില്‍ നിന്നുള്ള ലോക്സഭാംഗം രാജ്കുമാര് സിങിനും കാബിനറ്റ് പദവിയോടെ സ്ഥാനക്കയറ്റം കിട്ടി. ഇദ്ദേഹവും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ്. സത്യപ്രതിജ്ഞ ചടങ്ങ് പുരോഗമിക്കുകയാണ്.
43 പേരാണ് പുതുതായി മന്ത്രിസഭയിലെത്തുന്നത്. ഇതിന് മുന്നോടിയായി 12 മന്ത്രിമാരാണ് രാജിവെച്ചത്. പ്രകാശ് ജാവേദേക്കര്‍, രവിശങ്കര്‍ പ്രസാദ്, ആരോഗ്യമന്ത്രി ഹര്ഷവര്ധന്, തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വാര്, മാനവവിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍, മന്ത്രി സദാനന്ദ ഗൗഡ തുടങ്ങിയവരാണ് രാജിവെച്ചത്.