കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബിരിയാണി വെച്ച തമിഴ് യൂട്യൂബ് ചാനലായ ‘വില്ലേജ് കുക്കിങിന്’ റെക്കോഡ് നേട്ടം. ഒരു കോടി വരിക്കാരുമായി യൂട്യൂബിന്റെ ‘ഡയമണ്ട് ബട്ടണ്‍’ നേടിയിരിക്കുകയാണ് ചാനല്‍. യൂട്യൂബ് ചാനലുകള്‍ക്ക് അപൂര്‍വമായി ലഭിക്കുന്ന നേട്ടമാണ് 10 ദശലക്ഷം വരിക്കാര്‍ എന്നത്. ആദ്യമായാണ് ഒരു തമിഴ്ഭാഷാ യൂട്യൂബ് ചാനല്‍ ഒരു കോടി വരിക്കാരെ നേടുന്നത്. എഴുപത്തിയഞ്ചുകാരന് പെരിയതമ്പിയും ഇദ്ദേഹത്തിന്റെ കൊച്ചുമക്കളായ വി. സുബ്രഹ്മണ്യന്, വി. അയ്യനാര്, മുരുഗേശന്‍, ജി. തമിഴ്സെല്വന്, മുത്തുമാണിക്യം എന്നിവരുമാണ് ചാനലിനു പിന്നില്‍. തങ്ങളുടെ കാഴ്ച്ചക്കാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഒരു വീഡിയോയും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ചാനലിന്റെ പേരു പോലെ തന്നെ ഗ്രാമീണമായ അന്തരീക്ഷത്തില്‍, നാടന്‍ വിഭവങ്ങളുണ്ടാക്കുകയെന്നതാണ് ഇവരുടെ ചാനലിന്റെ പ്രത്യേകത. കൂടാതെ തയാറാക്കുന്ന ഭക്ഷണം അനാഥാലയങ്ങള്‍ക്കും അഗതി മന്ദിരങ്ങള്‍ക്കും നല്‍കുന്നതിലൂടെ തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയും ഇവര്‍ അടിവരയിടുന്നു. അടുത്തിടെ കോവിഡ് പ്രതിരോധത്തിനായി തമിഴ്നാട് സര്‍ക്കാരിന് 10 ലക്ഷം രൂപ ഇവര്‍ സംഭാവന ചെയ്യുകയും ചെയ്തിരുന്നു.
ജനുവരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട് സന്ദര്‍ശിച്ചപ്പോഴാണ് രാഹുല്‍ ഗാന്ധി ഇവരുമായി കണ്ടുമുട്ടിയത്. രാഹുലിന് വേണ്ടി മഷ്റൂം ബിരിയാണി തയാറാക്കുന്ന വീഡിയോയാണ് അന്ന് പ്രത്യേകമായി ചെയ്തത്. ബിരിയാണിക്കൊപ്പം വിളമ്പാനുള്ള സാലഡ് തയാറാക്കിയത് രാഹുല്‍ ഗാന്ധിയായിരുന്നു. ‘വെങ്കായം, തൈര്, കല്ലുപ്പ്…’ എന്നിങ്ങനെ ഓരോന്നിന്റെയും പേര് പറയുന്ന രാഹുലിന്റെ വിഡിയോ അന്ന് തരംഗമായി മാറിയിരുന്നു. എല്ലാവര്ക്കും ഒപ്പമിരുന്ന് ബിരിയാണി കഴിച്ച ശേഷമാണ് രാഹുല്‍ മടങ്ങിയത്. 2.64 കോടി പേരാണ് രാഹുല്‍ പങ്കെടുത്ത എപ്പിസോഡ് മാത്രം കണ്ടത്. 13 ലക്ഷം ലൈക്കാണ് ഇതുവരെ വീഡിയോക്ക് ലഭിച്ചത്. ഇപ്പോള്‍ ചാനലിന്റെ ഓരോ എപ്പിസോഡും കാണുന്നത് കോടിക്കണക്കിന് പേരാണ്. ഇപ്പോള്‍ പ്രതിമാസം 10 ലക്ഷമാണ് വില്ലേജ് കുക്കുംഗ് ചാനലിന്റ സമ്പാദ്യം.