ന്യൂഡൽഹി: ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. താൻ എവിടേയും പോകില്ലെന്നും സഖ്യത്തിൽ തുടരുമെന്ന് താക്കറെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഞാൻ അജിത് പവാറിനും ബാലസാഹേബ് തൊറാട്ടിനും ഒപ്പമാണ് ഇരിക്കുന്നത്. താൻ എവിടെയും പോകാൻ ഉദ്ദേശിക്കുന്നില്ല. നേരത്തെ ശിവസേന-ബി.ജെ.പി ബന്ധത്തെ കുറിച്ച് സഞ്ജയ് റാവത്ത് പ്രസ്താവന നടത്തിയിരുന്നു. ശിവസേന-ബി.ജെ.പി ബന്ധം ആമിർ ഖാൻ-കിരൺ റാവു ബന്ധം പോലെയാണെന്നായിരുന്നു റാവത്തിന്റെ പരാമർശം.
തങ്ങൾ ഇന്ത്യയേയും പാകിസ്താനേയും പോലെയല്ല. ബന്ധം വേർപ്പെടുത്തിയെങ്കിലും ഇരു പാർട്ടികളും തമ്മിലുള്ള സൗഹാർദം തുടരുമെന്നായിരുന്നു റാവത്ത് വ്യക്തമാക്കിയത്. ശിവസേന ശത്രുവല്ലെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ഉദ്ധവ് താക്കറെയുടെ വിശദീകരണം പുറത്ത് വരുന്നത്.