മുംബൈ: ബോളിവുഡ് ഇതിഹാസം ദിലീപ് കുമാർ(98) അന്തരിച്ചു. ഹിന്ദുജ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ.പാർക്കറാണ് മരണവിവരം സ്ഥിരീകരിച്ചത്. ന്യുമോണിയയെത്തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ശ്വാസതടസ്സത്തെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1944ൽ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ദിലീപ് കുമാർ ജ്വാർ ഭട്ട എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് ആറ് പതിറ്റാണ്ടോളം സിനിമയിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം ദേവദാസ്, കോഹിനൂര്‍, മുകള്‍ ഇ ആസം, രാം ഔര്‍ ശ്യാം, അന്ദാസ്, ഗംഗ ജമുന തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1998ലാണ് അദ്ദേഹം അവസാനമായി സിനിമയില്‍ പ്രത്യക്ഷപ്പെട്ടത്. കില ആണ് അവസാനചിത്രം. പത്മവിഭൂഷണും ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡും നല്കി രാജ്യം ആദരിച്ചിട്ടുണ്ട്.