ന്യൂഡല്‍ഹി: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട മലയാളി മാദ്ധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ മഥുര കോടതി തളളി. കാപ്പന് ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് പൊലീസ് ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തിരുന്നു.
സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റിലായ കാമ്ബസ് ഫ്രണ്ട് നേതാക്കളുടെ ജാമ്യാപേക്ഷയും നേരത്തെ ഇതേ കോടതി തള്ളിയിരുന്നു. സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച തുടങ്ങിയ വാദം കേള്‍ക്കല്‍ ചൊവ്വാഴ്ചയും തുടര്‍ന്നു. കാപ്പന്റെ അഭിഭാഷകന് അഡ്വ. വില്‍സ് മാത്യൂസ് ചൊവ്വാഴ്ച ഒരു മണിക്കൂര്‍ വാദം തുടര്‍ന്ന ശേഷം പത്ത് മിനിറ്റോളം യു.പി സര്‍ക്കാര്‍ അഭിഭാഷകന് പ്രതിവാദം നടത്തി.
എട്ടു മാസത്തിലേറെയായി സിദ്ദിഖ് കാപ്പന് ജയിലില്‍ കഴിയുകയാണ്. ഈയടുത്താണ് അദ്ദേഹത്തിന്റെ മാതാവ് മരിച്ചത്. കുറ്റപത്രം നല്‍കിയെങ്കിലും കുറ്റങ്ങള്‍ തെളിയിക്കാനായിട്ടില്ല. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും കാപ്പന്റെ അഭിഭാഷകന് വാദിച്ചു. എന്നാല്‍ പ്രോസിക്യൂഷന് വാദം അംഗീകരിച്ച അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനില്‍ കുമാര്‍ പാണ്ഡെ ജാമ്യാപേക്ഷ തളളുകയായിതരുന്നു.
ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ ദളിത് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയിലാണ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കേസില്‍ ജാമ്യം നല്‍കരുതെന്ന്. ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിനായി മാത്രമാണ് താന്‍ ഹാഥ്റസിലേക്ക് യാത്ര ചെയ്തതെന്നാണ് കാപ്പന് കോടതിയില്‍ അറിയിച്ചത്. കേസില്‍ എട്ട് മാസത്തിലേറെയായി കാപ്പന് ജയിലില്‍ കഴിയുകയാണ്. കാപ്പന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകരും രംഗത്തുവന്നിട്ടുണ്ട്.