ന്യൂഡല്‍ഹി: യു.പി പോലീസ് ജയിലിലടച്ച മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ മഥുര കോടതിയില്‍ വാദം പൂര്‍ത്തിയായി. ജാമ്യാപേക്ഷ ഇന്ന് പരിഗണിച്ചപ്പോള്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യം തടയാന്‍ യുപി പോലിസ് തടസ്സവാദങ്ങള്‍ ഉന്നയിച്ചു. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കാപ്പന് സിമി ബന്ധം ഉണ്ടെന്ന് യുപി പോലിസ് ആവര്‍ത്തിച്ചു.
സാമുദായിക കലാപം സൃഷ്ടിക്കാനുള്ള പദ്ധതിയുമായാണ് കാപ്പനും സംഘവും ഹാഥ്റസിലേക്കു പോയതെന്ന് യുപി പോലിസ് കോടതിയില്‍ ആവര്‍ത്തിച്ചു. സിദ്ദിഖ് കാപ്പന് മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഹാഥ്റസിലേക്കു പോയതെന്ന വാദം അസത്യമാണെന്നും യുപി പോലിസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിച്ചു.
ഹാഥ്റസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെയാണ് കാപ്പനെ യുപി പോലിസ് അന്യായമായി അറസ്റ്റ് ചെയ്തത്. സിദ്ദീഖ് കാപ്പന് കഴിഞ്ഞ ഒമ്പതു മാസമായി അന്യായമായി ജയിലില്‍ കഴിയുകയാണെന്നും അസുഖബാധിതയായ മാതാവ് കഴിഞ്ഞമാസം 18ന് മരണപ്പെട്ടെന്നും അഭിഭാഷകന് വില്‍സ് മാത്യൂസ് കോടതിയെ അറിയിച്ചു. സിദ്ദീഖ് കാപ്പന് നിരപരാധിയാണ്. വാര്‍ത്താശേഖരത്തിനുള്ള അവകാശം ലംഘിക്കപ്പെട്ടു. അതിനാല്‍ ജാമ്യം നല്‍കണമെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.