കൊല്ലം: കൊല്ലത്ത് ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരന് ക്രൂര മർദനം.കൊട്ടിയം സ്വദേശി സിദ്ദിഖിനാണ് മര്‍ദനമേറ്റത്. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം. ഇന്ധനം നിറക്കാൻ വന്നയാളെ ബഹുമാനിച്ചില്ല എന്നു പറഞ്ഞു സിദ്ദിഖിനെ മർദിക്കുകയായിരുന്നു.
കൊല്ലം പള്ളിമുക്കിലെ പമ്പിലെ ജീവനക്കാരനായിരുന്നു സിദ്ദിഖ്. കൈക്കും കാലിനും സ്വാധീനമില്ല. സിദ്ദിഖിനെ മര്‍ദിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. സിദ്ദിഖിനെ ഇയാള്‍ മര്‍ദിക്കുമ്പോള്‍ സിദ്ദിഖ് മറിഞ്ഞുവീഴുന്നതും ചുറ്റുമുളളവര്‍ പിടിച്ചുമാറ്റാന്‍ പോലും തയ്യാറാകാതെ നോക്കി നില്ക്കുന്നതും വീഡിയോയില്‍ കാണാം.
വീഡിയോ പ്രചരിച്ചതോടെയാണ് സമീപത്തെ ചെറുപ്പക്കാര്‍ വിവരമറിയുന്നതും സിദ്ദഖിനെ കൂട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുന്നതും. അടിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ ഇന്നുതന്നെ പോലീസ് അറസ്റ്റ് ചെയ്യുമെന്നാണ് കരുതുന്നതെന്നും സിദ്ദിഖിന് വേണ്ടി പരാതി നല്കിയ സുഹൃത്തുക്കള്‍ അറിയിച്ചു.