കൊച്ചി: വ്യവസായ മന്ത്രി പി. രാജീവിന് മറുപടിയുമായി കിറ്റക്സ് ഉടമ സാബു ജേക്കബ്. ഒരു വ്യവസായിയായ തന്നെ ക്രൂരമായി പീഡിപ്പിച്ചു. ഒരു മാസം നടന്നത് ക്രൂരമായ നടപടികളാണെന്നും സാബു ജേക്കബ് പറഞ്ഞു. താന്‍ ആണ് കുഴപ്പക്കാരനെന്ന് ചിത്രീകരിക്കാന്‍ നോക്കുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
തൊഴിലാളികളുടെ പരാതിയെ തുടർന്നാണ് പരിശോധന എന്നാണ് പറഞ്ഞത് എന്നാൽ ഇന്ന് പ്രതിഷേധം നടത്തിയത് ഇവിടുത്തെ തൊഴിലാളികളാണ്. ബെന്നി ബെഹനാന്റെയും പി ടി തോമസിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന എന്നത് പുതിയ അറിവാണെന്നും സാബു ജേക്കബ് പറഞ്ഞു.
ഇതാണ് വ്യവസായ സൗഹൃദം, ഇതാണ് കേരളം. വളരെ നല്ലത് തന്നെ. എല്ലാവരും വ്യവസായം തുടരട്ടെ. നിക്ഷേപം വരട്ടെ. വിദേശത്തുനിന്നും മറ്റു സംസ്ഥാനത്തുനിന്നും വരട്ടെ. അതിന് എല്ലാ ആശംസകള്‍ നേരാം എന്നല്ലാതെ തനിക്ക് അതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും സാബു ജേക്കബ് പറഞ്ഞു. ഗള്‍ഫില്‍നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും നിക്ഷേപിക്കുന്ന നിരവധിപ്പേരുണ്ട്. അവര്‍ക്കു വേണ്ടിയാണ് താന്‍ ശബ്ദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒൻപത് സംസ്ഥാനങ്ങളിൽ നിന്ന് തനിക്ക് ക്ഷണം ഉണ്ടെന്നും എവിടെ വേണമെങ്കിലും നിക്ഷേപം നടത്താൻ പോവാമെന്നും സാബു ജേക്കബ് കൂട്ടിച്ചേർത്തു.
നല്ലരീതിയില്‍ പോയിക്കൊണ്ടിരിക്കുന്ന ഒരു സ്ഥാപനത്തെ 73 കുറ്റങ്ങള്‍ ചെയ്തതായി കാണിച്ചുകൊണ്ട് ഒരു മെമ്മോ നല്‍കിയതായും അദ്ദേഹം പറഞ്ഞു. 3500 കോടിയുടെ പദ്ധതി തന്നെയില്ല എന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. അപ്പോള്‍ ഈ സ്ഥാപനം മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റുമോ എന്നുള്ള രീതിയിലാണ് കാര്യങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. 15,000 പേരുള്ള ഈ സ്ഥാപനം തന്നെ അടയ്ക്കണം അല്ലെങ്കില്‍ അടപ്പിക്കും എന്ന രീതിയിലാണ് കാര്യങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. ഇതുവരെ ഉണ്ടായത് പ്രശ്നം പരിഹരിക്കലല്ലെന്നും അദ്ദേഹം പറഞ്ഞു.
തന്നെ വിളിച്ചെന്ന വ്യവസായ മന്ത്രിയുടെ പ്രസ്താവന സാബു ജേക്കബ് തള്ളി. മന്ത്രി വിളിച്ചെങ്കിൽ താൻ തിരിച്ച് വിളിച്ചേനെയെന്നും സാബു ജേക്കബ് പറഞ്ഞു. ഉണ്ടായ പ്രശ്നം പരിഹരിച്ചശേഷം തുടർ പരിശോധനകൾ ചർച്ച ചെയ്യാമെന്നും സാബു വ്യക്തമാക്കി.