ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ടൂള്‍കിറ്റ് കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് തെളിയിക്കപ്പെട്ടാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രജിസ്ട്രേഷന് റദ്ദാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.
ഹര്ജിക്കാരന് ടൂള്‍കിറ്റിനോട് താത്പര്യമില്ലെങ്കില്‍ അതിനെ അവഗണിച്ചാല്‍ മാത്രം മതിയെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതെല്ലാം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണ തന്ത്രം മാത്രമാണ്. ഇത്തരം നിസാര ഹര്‍ജികള്‍ പരിഗണിക്കാനാവില്ല. ഇത്തരം ഹര്‍ജികളുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കേണ്ട സമയമായെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു.
അതിനിടെ, കോവിഡിന്റെ ഇന്ത്യന്‍ വകഭേദം എന്നതടക്കമുള്ള പ്രയോഗങ്ങള്‍ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്നതാണെന്ന് ഹര്‍ജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകന് ശശാങ്ക് ശങ്കര്‍ ഝാ ചൂണ്ടിക്കാട്ടി. സിംഗപ്പുര്‍ വകഭേദമെന്ന പ്രയോഗം സിംഗപ്പുര്‍ വിലക്കിയിട്ടുണ്ടെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്ന കാര്യം താങ്കള്‍ക്ക് അറിയില്ലേ എന്ന് ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രചാരണത്തെ നിയന്ത്രിക്കാന്‍ കോടതിക്ക് കഴിയുമോ എന്നും അദ്ദേഹം ആരാഞ്ഞു.