തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 40 കി.മീ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇതേ തുടര്‍ന്ന് നാളെ ഏഴ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് യെല്ലൊ അലേര്‍ട്ട് പ്രഖ്യാപിച്ചത്. 15.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത. വ്യാഴം, വെള്ളി ദിവസങ്ങളില്‍ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. അതേസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര മേഖലകള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.