കൊല്ലം: ഫോണിൽ വിളിച്ച പത്താം ക്ലാസ് വിദ്യാർഥിക്കെതിരേ പരാതി നൽകില്ലെന്ന് എം.മുകേഷ് എംഎൽഎ. സിപിഎം അനുഭാവി കുടുംബത്തിലെ അംഗമായ കുട്ടി സഹായം പ്രതീക്ഷിച്ചാണ് മുകേഷിനെ വിളിച്ചതെന്ന് വ്യക്തമാക്കിയതോടെയാണ് എംഎൽഎയുടെ പിന്മാറ്റം.
കഴിഞ്ഞ ദിവസമാണ് മുകേഷും പത്താം ക്ലാസ് വിദ്യാര്‍ഥിയായ വിഷ്ണുവും തമ്മിലുള്ള ഫോണ്‍കോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. എന്ത് സഹായത്തിനാണ് വിളിച്ചതെന്ന് അന്വേഷിക്കാതെ കുട്ടിയോട് കയര്‍ത്ത മുകേഷിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കിടയാക്കി. ഇതേ തുടര്‍ന്നാണ് മുകേഷ് ഞായറാഴ്ച വൈകീട്ടോടെ ഫെയ്സ്ബുക്ക് വീഡിയോയിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്.
അതേസമയം നവമാധ്യമങ്ങളിൽ തനിക്കെതിരേ പ്രചരണം നടത്തുന്നവർക്കെതിരേ പരാതി നൽകാനാണ് എംഎൽഎയുടെ തീരുമാനം. കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകുന്നത്.ഒറ്റപ്പാലത്തു നിന്നും പത്താം ക്ലാസ് വിദ്യാർഥി ഫോണിൽ വിളിച്ചപ്പോൾ മുകേഷ് ദേഷ്യത്തോടെ സംസാരിച്ചത് വിവാദമായിരുന്നു. പിന്നാലെ രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നവരാണ് കുട്ടിയെ ഉപയോഗിച്ച് ഫോണ്‍ ചെയ്യപ്പിച്ചതെന്നും അദ്ദേഹം വാദിച്ചിരുന്നു.