കോഴിക്കോട് : സഹായം തേടി ഫോണില്‍ വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച എംഎല്‍എ എം മുകേഷിന് പിന്തുണയുമായി ബിജെപി നേതാവും മിസോറാം ഗവര്‍ണറുമായ അഡ്വ. പി എസ് ശ്രീധരന് പിള്ള. സ്വന്തം നാട്ടിലെ എംഎല്‍എയെ അറിയാത്ത കുട്ടിയെ ഉമ്മ വെക്കുകയാണോ അതോ പ്രോത്സാഹിപ്പിക്കുകയാണോ വേണ്ടതെന്ന് ശ്രീധരന് പിള്ള ചോദിച്ചു. കോഴിക്കോട് ബഷീര്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എംഎല്‍എയെ വിളിച്ച കുട്ടി ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത്തരത്തില്‍ റെക്കോര്‍ഡ് ചെയ്യുന്നതിലേക്ക് ഒരു പത്താം ക്ലാസ് വിദ്യാര്‍ഥി മാറുമ്ബോള്‍ രാഷ്ട്രീയത്തിനപ്പുറം ചിന്തിക്കേണ്ട വിഷയമുണ്ട്. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ വളര്‍ന്നുവരുന്ന കുട്ടികള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് എല്ലാവരും ചിന്തിക്കേണ്ടതാണ്. രാഷ്ട്രീയം അതിന്റെ അന്ധമായ ചട്ടക്കൂടില്‍ മുന്നോട്ട് പോകുമ്ബോള്‍ തെറ്റുകള്‍ വര്‍ദ്ധിക്കുകയാണെന്നും ശ്രീധരന് പിള്ള പ്രതികരിച്ചു