പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള എല്ലാ പൗരന്മാരും കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കണമെന്ന് നിർബന്ധമാക്കിയ ലോകത്തിലെ ആദ്യ രാജ്യമായി താജിക്കിസ്ഥാൻ. കൊറോണ വൈറസ് അണുബാധയ്ക്കെതിരെ വാക്സിനേഷൻ എടുത്തിട്ടില്ലാത്ത ആളുകൾ ഒരു കുടുംബ ഡോക്ടറെയോ പ്രാദേശിക ആരോഗ്യ കേന്ദ്രത്തെയോ സമീപിക്കണമെന്ന് താജിക്കിസ്ഥാൻ സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
9.5 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള താജിക്കിസ്ഥാനില്‍ പുതിയ വകഭേദം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പ്രഖ്യാപനം. പ്രദേശിക ക്ലിനിക്കുകൾ വഴി ജനങ്ങൾക്ക് വാക്സിൻ സൗജന്യമായി ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
താജിക്കിസ്ഥാനിലെ പ്രതിരോധ കുത്തിവയ്പ്പ് കാമ്പെയ്ൻ മറ്റ് പല രാജ്യങ്ങളെക്കാളും പിന്നിലാണെങ്കിലും കഴിഞ്ഞ ആഴ്ചകളിൽ അത് വർദ്ധിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 280,000 ൽ അധികം ആളുകൾക്ക് വാക്സിന്റെ ആദ്യ ഡോസ് നൽകിയിട്ടുണ്ട്. ഏകദേശം 18,600 പേർക്ക് (0.19%) പൂർണ്ണമായും വാക്സിനേഷൻ നൽകിയിട്ടുണ്ട്.
രാജ്യത്തിന് പുറത്ത് നിന്ന് വരുന്നവർ കൊവിഡ് പരിശോധനാ ഫലം കൈയിൽ കരുതിയിരിക്കണം. രാജ്യത്ത് എതുന്നവർക്ക് കൊവിഡ് നെഗറ്റീവ് ആണെങ്കിൽ പോലും പത്ത് ദിവസം ക്വറന്റീൻ നിർബന്ധമാണ്.
ഇവിടെ ആകെ 13,569 പേര്‍ക്കാണ് ഇത് വരെ കൊവിഡ് ബാധിച്ചത്. 92 പേരാണ് ഇവിടെ കൊവിഡ് മൂലം മരണമടഞ്ഞത്. 46 പുതിയ കേസുകളും രണ്ട് മരണങ്ങളുമാണ് ഇന്നലെ റിപ്പോർട് ചെയ്തത്.