മുംബൈ: ഭീമ-കൊറേഗാവ് കേസിൽ അറസ്റ്റിലായി നിലവിൽ ചികിലയിലുള്ള ക്രിസ്ത്യൻ പുരോഹിതൻ ഫാ. സ്റ്റാൻ സ്വാമിയുടെ ചികിത്സ ജൂലൈ ആറുവരെ നീട്ടി. ബോംബെ ഹൈക്കോടതിയാണ് ചികിത്സ സമയം നീട്ടി നൽകിയത്. ബാന്ദ്ര ഹോളി ഫാമിലി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം. ജൂലൈ അഞ്ചുവരെയായിരുന്നു നേരത്തെ ചികിത്സ അനുവദിച്ചത്.
84 കാരനായ അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാണ്. ഇന്നലെ പരിഗണിക്കേണ്ടിയിരുന്ന അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സമയക്കുറവ് കാരണം കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചു. ഈ സാഹചര്യത്തിലാണ് ജൂലൈ ആറുവരെ ആശുപത്രിയിൽ തുടരാൻ ജസ്റ്റിസുമാരായ എസ് എസ് ഷിൻഡെ, എൻ ജെ. ജമാദാർ എന്നിവരടങ്ങിയ ബെഞ്ച് അനുമതി നൽകിയത്.
പാർക്കിൻസൺസ് ഉൾപ്പെടെയുള്ള രോഗങ്ങളും വാർധക്യസഹജമായ ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന സ്വാമിയെ കോടതി ഉത്തരവ് പ്രകാരം മേയ് 28 നാണ് തലോജ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. അതിനിടെ കഴിഞ്ഞ മാസം കോവിഡ് ബാധിക്കുകയും ചെയ്തു.
2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവില്‍ ദലിത് സംഘടനകളുടെ ആഭിമുഖ്യത്തിൽ നടന്ന എല്‍ഗാര്‍ പരിഷത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മാവോവാദികളാണെന്നാരോപിച്ചാണ് ഫാ. സ്റ്റാൻ സ്വാമി, വരവര റാവു, സുധ ഭരദ്വാജ്, സുധീര്‍ ധാവ്ല, പ്രഫ. സായിബാബ, ഷോമ സെന്‍, റോണ വില്‍സണ്‍,ഗൗതം നവ്ലാഖ, അരുണ്‍ ഫെരേര, വെര്‍ണന്‍ ഗോല്‍സാല്‍വസ്, സുരേന്ദ്ര ഗാഡ്ലിങ് അടക്കമുള്ള ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തത്.