കൊച്ചി:കേരളത്തിലെ നിക്ഷേപ പദ്ധതികളിൽ നിന്ന് കിറ്റെക്സ് പിന്മാറരുതെന്ന് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി. നിക്ഷേപം എത്ര രൂപയുടേതായാലും കേരളത്തിന് പുറത്തുപോകരുത്. ഭാവി തലമുറയ്ക്ക് ജോലി കിട്ടുന്ന പദ്ധതികളെ പ്രോത്സാഹിപ്പിക്കണം. കിറ്റെക്സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബുമായി സംസാരിക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സ്വകാര്യ മേഖലയ്ക്കും മികച്ച പങ്കുണ്ടെന്നും യൂസഫലി പറഞ്ഞു.
അതേസമയം, 3500 കോടിയുടെ പദ്ധതിയിൽ നിന്ന് പിന്മാറിയ കിറ്റെക്സിനെ അനുനയിപ്പിക്കാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങി. വ്യവസായ സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന വേണ്ടെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി പി. രാജീവ് വ്യക്തമാക്കി. പദ്ധതിയിൽ നിന്ന് പിന്മാറിയ കിറ്റെക്സ് ഗ്രൂപ്പിനെ സ്വാഗതം ചെയ്ത് 6 സംസ്ഥാനങ്ങൾ രംഗത്തെത്തിയതിന് പിന്നാലെയാണ് സർക്കാർ നടപടി. എറണാകുളം ജില്ല വ്യവസായ വകുപ്പ് ജനറൽ മാനേജറുടെ നേതൃത്വത്തിലാണ് എംഡി സാബു എം ജേക്കബുമായി ഉദ്യോഗസ്ഥർ രണ്ട് മണിക്കൂറോളം ചർച്ച നടത്തി. പരാതികൾ കേട്ട ഉദ്യോഗസ്ഥർ വ്യവസായ വകുപ്പ് ഡയറക്ടർക്ക് ഉടൻ റിപ്പോർട്ട് നൽകും.