ബെംഗളൂരു: കർണാടകത്തിൽ കൂടുതൽ ലോക്ഡൌണ് ഇളവുകൾ പ്രഖ്യാപിച്ചു. അടുത്ത ആഴ്ച മുതല്‍ വാരാന്ത്യ കര്‍ഫ്യൂ ഉണ്ടാകില്ല. അതേസമയം ദിനംപ്രതിയുള്ള കോവിഡ് കേസുകളില്‍ കുറവുണ്ടെങ്കിലും ജാഗ്രത തുടരുമെന്നും കര്‍ണാടക വ്യക്തമാക്കി. ഇതിന്റെ ഭാഗമായി രാത്രി ഒമ്പത് മുതല്‍ പുലര്‍ച്ച അഞ്ചു വരെയുള്ള രാത്രികാല കര്‍ഫ്യൂ അടുത്ത ആഴ്ചയിലും തുടരും.
നാളെ മുതല്‍ പൊതുഗതാഗതത്തില്‍ വാഹനങ്ങളിലെ ഇരിപ്പിടത്തിന് അനുസൃതമായി ആളുകളെ കയറ്റാം. മാളുകൾ, കടകൾ, സ്ഥാപനങ്ങൾ എന്നിവ കർശന നിയന്ത്രണങ്ങളോടെ തുറക്കാം. കായിക താരങ്ങൾക്ക് പരിശീലനത്തിനായി സ്റ്റേഡിയങ്ങൾ, പൂളുകൾ, സ്പോർട്സ് കോംപ്ലസുകള്‍ എന്നിവ തുറക്കും.
കല്ല്യാണത്തിന് നൂറു പേർക്ക് പങ്കെടുക്കാം. സ്കൂൾ , കോളേജുകൾ, പൊതുചടങ്ങുകൾ, തിയേറ്ററുകൾ എന്നിവയ്ക്ക് വിലക്ക് തുടരും. സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക പൊതു പരിപാടികള്‍ക്ക് കണ്ടെയിന്മെന്റ് സോണുകള്‍ക്ക് പുറത്ത് അനുമതിയുണ്ട്. ആരാധനാലയങ്ങള്‍ ദര്‍ശനങ്ങള്‍ക്ക് മാത്രമായി ഭക്തര്‍ക്ക് തുറന്ന് നല്‍കാം. രാത്രികാല കര്‍ഫ്യൂവില്‍ അവശ്യസേവനങ്ങള്‍ അനുവദിക്കും.
രാജ്യത്ത് 44,111 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന മരണ നിരക്ക് 738 ആണ്. നിലവില്‍ 4,95,533 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.