കൊച്ചി: ആലുവ ആലങ്ങാട് ഗർഭിണിയെ മർദിച്ച കേസിൽ ഭർത്താവ് ജൗഹർ സുഹൃത്തുമായ സഹിൽ എന്നിവർ പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന ജൗഹർ വാഹനത്തിൽ മറ്റൊരു ജില്ലയിലേക്ക് കടന്നു കളയാൻ ശ്രമിക്കവെ പൊലീസിന് ലഭിച്ച വിവരത്തെ തുടർന്ന് പിടിയിലാവുകയായിരുന്നു. ആദ്യം പിടിയിലായ സഹലാണ് ജൗഹറിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് കൈമാറിയത്.
ആലുവ ആലങ്ങാട് സ്വദേശി നഹ് ലത്തിനാണ് ഭർതൃവീട്ടിൽ ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റു ചെയ്യാൻ റൂറൽ എസ്പി അനുമതി നൽകുകയായിരുന്നു.
കഴിഞ്ഞദിവസമാണ് ഗര്‍ഭിണിയായ യുവതിക്കും പിതാവിനും മര്‍ദനമേറ്റതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്. അഞ്ച് മാസം ഗര്‍ഭിണിയായ യുവതിയെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ജവഹര്‍ മര്‍ദിക്കുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച യുവതിയുടെ പിതാവിനും മര്‍ദനത്തില്‍ പരിക്കേറ്റു. ഇരുവരും പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.
കഴിഞ്ഞ ഒക്ടോബറിലാണ് പറവൂർ മന്നം സ്വദേശി ജൗഹർ നഹ് ലത്തിനെ വിവാഹം കഴിച്ചത്. പിന്നാലെ സ്ത്രീധനത്തിന്റെ പേരിൽ യുവതിക്ക് ഭർത്താവിന്റെയും വീട്ടുകാരുടേയും ഭാഗത്ത് നിന്ന് ക്രൂരപീഡനമാണ് ഏൽക്കേണ്ടിവന്നത്. കഴിഞ്ഞ ദിവസം ഇവരുടെ വീട്ടിലെത്തിയ നഹ് ലത്തിൻറെ പിതാവ് സലീമിനും മർദ്ദനമേറ്റിരുന്നു. ജൗഹറും സുഹൃത്തുക്കളും ചേർന്നായിരുന്നു യുവതിയുടെ പിതാവിനെ മർദ്ദിച്ചത്.
സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ജൗഹര്‍, ഭര്‍തൃമാതാവ് സുബൈദ, രണ്ട് സഹോദരിമാര്‍, ജൗഹറിന്റെ സുഹൃത്ത് എന്നിവര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിനും യുവതിയെ മര്‍ദിച്ചതിനും പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഒളിവില്‍ പോയ ജവഹറിനെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.
അതേസമയം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശിച്ചു. പ്രതികളെ ആദ്യസമയങ്ങളിൽ തന്നെ അറസ്റ്റ് ചെയ്യാതിരുന്ന പൊലീസിന്റെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥ ഉണ്ടായെന്ന് വി ഡി സതീശൻ പറഞ്ഞു.