ആലപ്പുഴ: വേമ്പനാട് കായൽ സംരക്ഷണവുമായി ബന്ധപ്പെട്ട് ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുന്നതിൻറെ ഭാഗമായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ആലപ്പുഴ,കോട്ടയം,എറണാകുളം,പത്തനംതിട്ട ജില്ലകളിലെ വേമ്പനാട് കായൽ അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ ജില്ലാ പഞ്ചായത്ത് – ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ എം. പി, എം.എൽ.എമാർ,നാല് ജില്ലകളിലെയും ജലസേചനം, ഫിഷറീസ്, കൃഷി എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുമായി ഓൺലൈൻ യോഗം നടന്നു.
ഫിഷറീസ് വകുപ്പ് മന്ത്രി, പ്രതിപക്ഷനേതാവ്, സഹകരണ വകുപ്പ് മന്ത്രി, കൃഷി വകുപ്പ് മന്ത്രി, തോമസ് ചാഴിക്കാടൻ എം പി, കൊടിക്കുന്നിൽ സുരേഷ് എം പി, കുട്ടനാട്, വൈക്കം, വൈപ്പിൻ അരൂർ, തൃപ്പൂണിത്തുറ എന്നീ മണ്ഡലങ്ങളിലെ എംഎൽഎമാരും കൂടാതെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ ജില്ലാ കളക്ടർമാർ കൃഷി, ജലസേചനം, ഫിഷറീസ്, പഞ്ചായത്തുകളിലെ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
യോഗതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വേമ്പനാട് കായൽ സംരക്ഷണവുമായി ബന്ധപ്പെട്ട് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുവാനും അതിന്റെ അടിസ്ഥാനത്തിൽ മുൻപോട്ടു പോകുവാനും തീരുമാനിച്ചിരിക്കുകയാണ്.
അതിൻറെ ഭാഗമായി ബന്ധപ്പെട്ട ബ്ലോക്ക് തലത്തിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരണം നടത്തുന്നതിന് പ്രദേശത്തെ എംപിമാർ എംഎൽഎമാർ എന്നിവരെ ചുമതലപ്പെടുത്തുകയും ജൂലൈ മാസത്തിൽ പൂർത്തിയാക്കേണ്ടതുമാണ്.
തുടർന്ന് ഓഗസ്റ്റ് മാസത്തിൽ വേമ്പനാട് കായലിന്റെ സമീപത്തുള്ള പഞ്ചായത്തുകളിൽ ജനകീയ കോർഡിനേഷൻ കമ്മിറ്റികൾ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അധ്യക്ഷതയിൽ രൂപീകരിക്കും. ഇവ ഓഗസ്റ്റ് മാസം പൂർത്തിയാക്കും.
അതിനു ശേഷം വാർഡ് തലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ കൺവീനറായും ജനകീയ പ്രവർത്തകർ, സാംസ്കാരിക പ്രവർത്തകർ എന്നിവരെയും ഉൾപ്പെടുത്തി ജനകീയ കമ്മിറ്റി രൂപീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഇത് സെപ്റ്റംബർ മാസത്തിൽ പൂർത്തിയാക്കും.
ഈ രൂപത്തിൽ വേമ്പനാട് കായൽ ശുചീകരണ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ജനകീയ ക്യാമ്പയിൻ മുന്നോട്ടു കൊണ്ടുപോകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പങ്കെടുത്ത എല്ലാവരും അവരുടെ വിവിധ വകുപ്പുകളും എല്ലാവിധ സഹകരണങ്ങളും നൽകുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്.