നിമിഷ ഫാത്തിമയെ വെടിവെച്ച് കൊല്ലണമെന്ന് അവതാരകന്‍; ക്ഷുഭിതയായി ക്യാമറ തട്ടിമാറ്റി ബിന്ദു

അഭിമുഖത്തിനിടെ മോശമായ രീതിയില്‍ സംസാരിച്ച റിപ്പോര്‍ട്ടറുടെ മൈക്ക് പിടിച്ചു വാങ്ങി ക്യാമറ തട്ടിമാറ്റി നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു.
അഫ്ഗാനിസ്താനിലെ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെ വെടിവെച്ച് കൊല്ലുകയാണ് വേണ്ടതെന്നാണ് അഭിമുഖത്തില്‍ റിപ്പോര്‍ട്ടര്‍ പറഞ്ഞത്. തീവ്രവാദിയുടെ അമ്മ എന്നു പറയുന്നതില്‍ ഇവര്‍ അഭിമാനം കൊള്ളുന്നെന്നും ഇയാള്‍ ആക്ഷേപിച്ചു. ഇതേ തുടര്‍ന്ന് ബിന്ദു റിപ്പോര്‍ട്ടറുടെ മൈക്ക് പിടിച്ചു വാങ്ങുകയും ക്യാമറ തട്ടിക്കളയുകയും ചെയ്തു.  വ്യൂ പോയിന്റ് എന്ന ഓണ്‍ലൈന്‍ ചാനലിന്റെ അഭിമുഖത്തിനിടയിലാണ് സംഭവമുണ്ടായത്.

ലോകം നിമിഷയുടെ അമ്മയുടെ കണ്ണീര്‍ കണ്ട് സന്തോഷിക്കുകയാണെന്നും സൈനികന്റെ അമ്മയാണെന്ന് അഭിമാനിക്കുന്നതിന് പകരം തീവ്രവാദിനിയുടെ അമ്മയാണെന്ന് പറയനാണാനിവര്‍ ആഗ്രഹിക്കുന്നതെന്നും അഭിമുഖത്തിനിടെ റിപ്പോര്‍ട്ടര്‍ പരിഹസിച്ചു.അതേസമയം, സംഘപരിവാര്‍ അനുകൂലവും വര്‍ഗീയ പ്രചരണങ്ങളും നടത്തുന്ന ചാനലാണിതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ അഫ്ഗാനിസ്താന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെയും മകനെയും നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് നിമിഷയുടെ അമ്മ ബിന്ദു ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. 

അതേസമയം, നിമിഷ ഏലിയാസ് ഫാത്തിമ, സോണിയ സെബാസ്റ്റ്യന്‍, മെറിന്‍ ജേക്കബ്, റെഫീല എന്നീ മലയാളി യുവതികളാണ് അഫ്ഗാന്‍ ജയിലിലുള്ളത്. 2016 -18 വര്‍ഷത്തിലാണ് നാലു യുവതികളും ഭര്‍ത്താക്കന്‍മാരോടൊപ്പം ഐഎസില്‍ പ്രവര്‍ത്തിക്കാന്‍ അഫ്ഗാനിസ്താനിലെത്തിയത്. ഭര്‍ത്താക്കന്‍മാര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ നാലു യുവതികളും അഫ്ഗാന്‍ സൈന്യത്തിനു കീഴടങ്ങുകയായിരുന്നു.