ഡെറാഡൂണ്‍: ബിജെപി നേതാവും എംഎല്‍എയുമായ പുഷ്ക്കര്‍ സിംഗ് ധാമി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയാകും. ഇന്ന് ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷിയോഗത്തിലാണ് പുഷ്കറിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. ഇതോടെ നാലര വര്‍ഷത്തിനിടെ സംസ്ഥാനത്തെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പുഷ്കര്‍ സിംഗ്.
അതേസമയം, നാല് മാസം മാത്രം നീണ്ടുനിന്ന ഭരണത്തിന് ശേഷം മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത് വെളളിയാഴ്ച ഗവര്‍ണര്‍ ബേബി റാണി മൗര്യയ്ക്ക് രാജിക്കത്ത് നല്‍കിയതോടെയാണ് നിലവിലെ എംഎല്‍എമാരില്‍ നിന്ന് പുഷ്കറിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യമന്ത്ര മന്ത്രി അമിത് ഷായ്ക്കും നന്ദിയറിയിച്ച പുഷ്ക്കര്‍ സിംഗ് ധാമി , എല്ലാവരെയും വിശ്വാസത്തിലെടുത്ത് പ്രവര്‍ത്തിക്കുമെന്ന് പ്രതികരിച്ചു. അടുത്തവര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ മാര്‍ച്ചിലാണ് ത്രിവേന്ദ്ര സിങ് റാവത്തിനുപകരം തിരാഥ് സിങ്ങിനെ മുഖ്യമന്ത്രിയായി ബിജെപി ദേശീയനേതൃത്വം നിയോഗിച്ചത്. നിയമസഭാംഗമല്ലാത്ത തിരഥിനെ ആറുമാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പുനടത്തി എം.എല്‍.എ. ആക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ കോവിഡ് സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് തീരുമാനം അനിശ്ചിതമായി നീളുന്ന സാഹചര്യത്തില്‍ അദ്ദേഹം സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.