കൊച്ചി: ആലുവയില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി. കേസിലെ ആറാംപ്രതിയായ പറവൂര്‍ മന്നം സ്വദേശി സഹല്‍ ആണ് അറസ്റ്റിലായത്. യുവതിയുടെ ഭര്‍ത്താവ് ജൗഹറിന്റെ സുഹൃത്താണിയാള്‍. അതേസമയം, കേസില്‍ ഭര്‍ത്താവ് ഉള്‍പ്പടെ പ്രതികളായ അഞ്ച് പേരും ഒളിവിലാണ്.
ആലുവ ആലങ്ങാട് സ്വദേശി നഹ്ലത്തിനാണ് ഭര്‍തൃവീട്ടില്‍ ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് പറവൂര്‍ മന്നം സ്വദേശി ജൗഹര്‍ യുവതിയെ വിവാഹം കഴിച്ചത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പ്രതികളെ അറസ്റ്റു ചെയ്യാന്‍ റൂറല്‍ എസ്പി അനുമതി നല്‍കുകയായിരുന്നു. ഭര്‍ത്താവ് ജൗഹര്‍, ജൗഹറിന്റെ അമ്മ സുബൈദ, ജൗഹറിന്റെ സഹോദരിമാരായ ഷബീന, ഷറീന, ജൗഹറിന്റെ സുഹൃത്ത് മുഹതാസ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. അതിനിടെ, മര്‍ദ്ദനത്തിന് ഇരയായി ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന് സന്ദര്‍ശിച്ചു.